ps-shinas
പി.എസ്. ഷിനാസ് ബോഡി ബിൽഡിംഗ് മത്സരത്തിൽ പങ്കെടുത്തപ്പോൾ.

നെടുമ്പാശേരി: കേരള പൊലീസ് സംഘടിപ്പിച്ച സംസ്ഥാന ബോഡി ബിൽഡിംഗ് മത്സരത്തിൽ 80 കിലോ മത്സരത്തിൽ നെടുമ്പാശേരി സ്വദേശിയായ പൊലീസ് സേനാംഗം പി.എസ്. ഷിനാസ് ചാമ്പ്യനായി. കളമശേരി ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ സേനാംഗവും നിലവിൽ ക്രെെംബ്രാഞ്ച് ഐ.ജിയുടെ ഗൺമാനുമാണ്. നിരവധി പേർ മത്സരത്തിനുണ്ടായിരുന്നു. നെടുമ്പാശേരി കുന്നിശേരി പെരുമ്പാട്ട് വീട്ടിൽ സെയ്ദ് മുഹമ്മദിന്റെയും ഷക്കീലയുടെയും മകനാണ്. 10 വർഷം മുമ്പാണ് ഷിനാസ് പൊലീസ് സേനയിൽ പ്രവേശിച്ചത്. ഇതിനകം വിവിധ മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടി. പൊലീസ് സേന തുടക്കം കുറിച്ച ആദ്യ ബോഡി ബിൽഡിംഗ് മത്സരത്തിൽ രണ്ടാം സ്ഥാനവും രണ്ടാമത് മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. ഇപ്പോൾ ലഭിച്ച അഭിമാന നേട്ടം സർവീസിലെത്തി 10-ാം വർഷത്തിലേക്ക് പ്രവേശിച്ചതിന്റെ ബഹുമതിയായി കാണുകയാണെന്ന് ഷിനാസ് പറഞ്ഞു.

സ്‌കൂൾ പഠന കാലം മുതൽ കലാ, കായിക, സാംസ്‌കാരിക രംഗങ്ങളിൽ ഷിനാസ് മികവ് പുലർത്തിയിരുന്നു. ബോക്‌സിംഗിലും കബഡിയിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പൊലീസ് സേനയുടെ സംസ്ഥാന തല കബഡി മത്സരത്തിൽ ഷിനാസ് ഉൾപ്പെട്ട ടീമിനായിരുന്നു 2014ലെ ചാമ്പ്യൻഷിപ്പ്. ബോക്‌സിംഗ് മത്സരങ്ങളിലും പലവട്ടം മികവ് തെളിയിച്ചിട്ടുള്ള ഷിനാസ് ദേശീയ തലത്തിലും സൗത്ത് ഇന്ത്യ തലത്തിലും ഗോൾഡ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. ചെങ്ങമനാട് അർമാൻസ് ഫിറ്റ്‌നസ് സെന്ററിലാണ് ഷിനാസ് ബോഡി ബിൽഡിംഗിൽ പരിശീലിക്കുന്നത്. ഭാര്യ: ലുക്ക്‌സാന. മക്കൾ: ഫാത്തിമ നഹീമ, അമീർ അബ്ബാസ്, അലി ഇംറാൻ (മൂവരും വിദ്യാർഥികൾ).