മൂവാറ്റുപുഴ: ശുദ്ധജലം വിതരണം കാര്യക്ഷമമാക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആരക്കുഴ– പാലക്കുഴ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 13.9 കോടി രൂപ ചെലവഴിച്ചാണ് ജലശുദ്ധീകരണ ശാലയും പത്തോളം ജലസംഭരണികളും മോട്ടർ പമ്പുകളും 20000 മീറ്റർ വിതരണ പൈപ്പുകളും അടക്കം ഉൾപ്പെടുത്തി ആരക്കുഴ– പാലക്കുഴ സമഗ്ര ശുദ്ധജല വിതരണ പദ്ധതി ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം പേർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. മാത്യു കുഴൽനാടൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ.മാരായ എൽദോ എബ്രഹാം, ജോസഫ് വാഴയ്ക്കൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന മോഹനൻ, കെ.എ.ജയ, ജി.ശ്രീകുമാർ, സാബു പൊതൂർ, ബിജു മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു.