ആലങ്ങാട്: ലഹരിയെ തുരത്താൻ ഞായറാഴ്ച 3ന് ആലങ്ങാട് കവലയിൽ നിന്ന് ആലങ്ങാട് നീറിക്കോട് ഊർജം വെൽഫെയർ സൊസൈറ്റിയുടെ ബോധവത്കരണ കൂട്ടയോട്ടം. ആലങ്ങാട് ജനമൈത്രി പൊലീസുമായി സഹകരിച്ച് നടത്തുന്ന പരിപാടി ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി ഫ്ളാ‌ഗ് ഒഫ് ചെയ്യും. സ്‌കൂൾ വിദ്യാർത്ഥികളും പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനത്തിൽ വെൽഫയർ സൊസൈറ്റിയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. കോട്ടുവള്ളിയിൽ ഊർജ്ജത്തിന്റെ വയോജന കേന്ദ്രം ഉടൻ തുടങ്ങും. കൂട്ടയോട്ടം സമാപിക്കുന്ന നീറിക്കോട് ബാങ്ക് അങ്കണത്തിൽ വാർഷികാഘോഷ സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ.ചാർളി പോളിന്റെ 'ലഹരിമുക്ത ഭാരതം' പ്രഭാഷണം, പ്രതിഭകൾക്ക് ആദരം എന്നിവ നടക്കുമെന്ന് സൊസൈറ്റി ചെയർപേഴ്സൺ ജാസ്മിൻ നാസർ, സെക്രട്ടറി ജോസഫ് നീറിക്കോട്, ട്രഷറർ ആന്റു മാനാടൻ എന്നിവർ അറിയിച്ചു.