vegtables

കൊച്ചി: പൊതുവിപണിയിൽ പച്ചക്കറിവില കുറച്ചുനിറുത്താനായി കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ ഹോർട്ടികോർപ്പിന്റെ ഒരുക്കം. തമിഴ്നാട്ടിലെ തെങ്കാശിയിലെ കാർഷിക കൂട്ടായ്‌മകളുമായി കരാറൊപ്പിടാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനുപുറമേ കേരളത്തിലെ മൂന്നാർ, തമിഴ്നാട്ടിലെ തിരുനെൽവേലി, ആന്ധ്രാപ്രദേശ്, മൈസൂർ (കർണാടക) എന്നിവിടങ്ങളിലെ കർഷക ഫെഡറേഷനുകളുമായും സഹകരിക്കും.

ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലയ്ക്ക് പച്ചക്കറി സംഭരണമാണ് ലക്ഷ്യം. തെങ്കാശിയിലെ ആറ് കാർഷികോത്പാദന കൂട്ടായ്മകളുമായാണ് കരാർ. തെങ്കാശിയിൽ സ്ഥിരം സംഭരണ യൂണിറ്റും സ്ഥാപിക്കും. കൃഷിവകുപ്പ് ദിവസേന നിശ്ചയിക്കുന്ന വിപണിവില അനുസരിച്ചാകും പച്ചക്കറികൾ കർഷകരിൽനിന്ന് ശേഖരിക്കുക. സവാള, ചെറിയ ഉള്ളി, നാരങ്ങ, ശീതകാല പച്ചക്കറികൾ, വെണ്ട, അമരക്ക, വെള്ളരി, പയർ വർഗങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയവയാണ് സംഭരിക്കുന്നത്.

എത്തിയത് 50 ടൺ

പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ പ്രതിദിനം എട്ടുടൺ തക്കാളി ഉൾപ്പെടെ 40-50 ടൺ പച്ചക്കറികൾ ഹോർട്ടികോർപ്പ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചു. സർക്കാർ നിർദേശപ്രകാരം കഴിഞ്ഞ 21 ദിവസങ്ങളായി പൊതുവിപണയിയേക്കാൾ കുറഞ്ഞ വിലയ്ക്കായിരുന്നു വില്പന.
അന്യസംസ്ഥാനങ്ങളിൽ നിന്ന് റോഡുമാർഗം 19 സംഭരണശാലകളിലേക്കും 128 ഹോർട്ടികോർപ്പ് വില്പനശാലകളിലേക്കുമാണ് വിതരണം നടക്കുന്നത്. സാധാരണ എത്തുന്നതിനേക്കാൾ 40 ശതമാനം അധികം പച്ചക്കറിയാണ് കേരളത്തിലേക്ക് എത്തിയത്.

പച്ചക്കറി സംഭരണം

(ഈമാസം ഒന്നുമുതൽ 15 വരെ)

 സംസ്ഥാനത്തുനിന്ന് : 1.71 ലക്ഷം കിലോഗ്രാം
 അന്യസംസ്ഥാന സംഘങ്ങളിൽ നിന്ന് : 6.13 ലക്ഷം കിലോഗ്രാം

''പച്ചക്കറികളുടെ വിലക്കയറ്റം തടയുന്നത് ലക്ഷ്യമിട്ടുള്ള നടപടികളാണ് എടുക്കുന്നത്. കൂടുതൽ ഹോർട്ടികോ‌ർപ്പ് വിപണന കേന്ദ്രങ്ങൾ തുറക്കുന്നതും പരിഗണിക്കുന്നു""

ജെ. സജീവ്,

മാനേജിംഗ് ഡയറക്‌ടർ,

ഹോർട്ടികോർപ്പ്.