കോലഞ്ചേരി: വാക്കുകളെ വരകളാക്കി കാൻവാസിൽ പിറന്നത് ചാക്കൂട്ടി ചേട്ടന്റെ അപൂർവ ചിത്രം. കേരളത്തിന്റെ വ്യവസായ മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.വി. ജേക്കബിന്റെ ജീവചരിത്രമാണ് അതിലുള്ളത്. ചാക്കൂട്ടി ചേട്ടനെന്നാണ് സി.വിയെ നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ കർമ്മമേഖലകൾ അക്ഷരങ്ങളിൽ ചാലിച്ച് മനോഹരമായ ചിത്രമാക്കി മാറ്റിയത് സിജു പുന്നെക്കാട് എന്ന കലാകാരനാണ്. സി.വി. ജേക്കബിന്റെ മരണത്തെ തുടർന്ന് ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകൾ അറിഞ്ഞപ്പോഴുണ്ടായ മനസിലെ ആഗ്രഹത്തിന്റെ പൂർത്തീകരണമായിരുന്നു ചിത്രം. മകൻ ഡോ. വിജു ജേക്കബിനു സൃഷ്ടി കൈമാറി. കോതമംഗംലം സ്വദേശിയായ സിജു പുന്നേക്കാട് നിരവധി കഥകളുടെയും കവിതകളുടെയും രചയിതാവും ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ശ്രദ്ധേയനുമാണ്. സി.വി. ജേക്കബിന്റെയും സിന്തൈറ്റ് ഗ്രൂപ്പിന്റെയും വളർച്ചയുടെ പടവുകളെ പുറമേനിന്ന് നിരീക്ഷിച്ച് തയ്യാറാക്കിയ വിവരങ്ങളാണ് ചിത്രത്തിലുള്ളത്. ടൈപ്പോഗ്രാഫിയിലാണ് ചിത്രം തയ്യാറാക്കിയത്.