പറവൂർ: ഗോതുരുത്തിൽ നിന്ന് വടക്കുംപുറം, ചെറിയ പല്ലംതുരുത്ത് വഴി കാക്കനാട്ടേക്കുള്ള ബസ് സർവീസ് നിലച്ചിട്ട് ഒരു വർഷമാകുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ച സർവീസ് ഇതുവരേയും പുനരാരംഭിച്ചിട്ടില്ല. കളക്ട്രേറ്റ് അടക്കമുള്ള ജില്ലാ ഓഫീസുകളിലും ഐ.ടി സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവരും വിവിധ ആവശ്യങ്ങൾക്കായി പോകുന്നവരും യാത്രാദുരിതത്താൽ വലയുകയാണ്. കുട്ടുകാട്, പറയകാട്, ചെറിയ പല്ലംതുരുത്ത് പ്രദേശങ്ങളിലുള്ളവരാണ് ദുരിതമനുഭവിക്കുന്നതിൽ ഏറെയും. കിലോമീറ്ററുകളോളം കാൽനടയായോ മറ്റു വാഹനങ്ങളെ ആശ്രയിച്ചോ ആണ് ഇപ്പോൾ പറവൂർ നഗരത്തിലെത്തുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്താൻ വൈകുന്ന സ്ത്രീകളടക്കമുള്ളവർ ഇതുമൂലം ബുദ്ധിമുട്ടിലാണ്. നിറുത്തിവച്ച സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് സി.പി.എം ചിറ്റാറ്റുകര ലോക്കൽ കമ്മിറ്റി നിവേദനം നൽകി.