പെരുമ്പാവൂർ : സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ്.ശിവശങ്കരപിള്ളയുടെ അഞ്ചാമത് അനുസ്മരണസമ്മേളനം ഇന്ന് രാവിലെ 10 ന് പുല്ലുവഴി പി.കെ.വി.സ്മാരകത്തിൽ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് സി.പി.ഐ ബ്രാഞ്ച് കേന്ദ്രങ്ങളിൽ ഛായാചിത്രം സ്ഥാപിച്ച് പതാക ഉയർത്തും. എസ്.ശിവശങ്കരപിള്ള മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് സിനിമാ സംവിധായകൻ വിനയന് പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കും. എസ്. ശിവശങ്കരപിള്ള മെമ്മോറിയൽ ട്രസ്റ്റ് എല്ലാ വർഷവും നൽകിവരാറുള്ള അവാർഡാണ് ഇത്. പതിനായിരത്തിഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഗീതാകൃഷ്ണൻ രചിച്ച എസ്.ശിവശങ്കരപിള്ളയുടെ ജീവചരിത്രം കേരളനിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിന് നൽകി പ്രകാശനം ചെയ്യും. അഡ്വ.കെ.എൻ.സുഗതൻ, കെ.കെ.അഷറഫ്, ബാബുപോൾ, ഇ.കെ.ശിവൻ, സി.വി.ശശി, എം.ടി.നിക്‌സൺ, കമലാസദാനന്ദൻ, എസ്.ശ്രീകുമാരി തുടങ്ങിയവർ പ്രസംഗിക്കും.