വൈപ്പിൻ: 'വൈപ്പിൻ ജൈവസംഗമം' കിസാൻ മേള ജനകീയ ആഘോഷമായി. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി വൈപ്പിൻ ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലെ ജൈവ ക്ലസ്റ്ററുകളുടെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി ഓസ്റ്റിൻ ഹാളിൽ സംഘടിപ്പിച്ച ജൈവസംഗമവും പ്രദർശന വിപണന മേളയും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 'വൈപ്പിൻ രുചി' എന്നപേരിൽ ജൈവ ഉത്പന്നങ്ങളുടെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.
വിഷരഹിത പച്ചക്കറിയിലും മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിലും നാടിനെ സ്വയംപര്യാപ്തതയിലേക്ക് മുന്നേറാൻ വൈപ്പിൻ ജൈവസംഗമം കിസാൻമേള വലിയ ചുവടുവയ്പ്പാകുമെന്ന് എം.എൽ.എ. പറഞ്ഞു. പള്ളിപ്പുറം, കുഴുപ്പിള്ളി, നായരമ്പലം, എടവനക്കാട്, ഞാറക്കൽ പഞ്ചായത്തുകളിലെ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന 500 ഹെക്ടർ ജൈവകൃഷി ക്ലസ്റ്ററിലെ എഫ്.ഐ.ജികളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനം, ജൈവ കാർഷികോത്പന്നങ്ങളുടെ പ്രദർശന വിപണനം, ജൈവകൃഷി സാങ്കേതികവിദ്യ പ്രദർശനം എന്നിവ ആകർഷകമായി.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല പോൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിതാകുമാരി, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.ജി. ഡോണോ, അഡ്വ. എം.ബി. ഷൈനി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സുബോധ ഷാജി, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.വി. സൂസമ്മ, ഡോ. ജിം തോമസ്, വിദ്യ ഗോപിനാഥ്, എയ്ഞ്ചല സിറിയക്ക്,ജോണി വട്ടത്തറ എന്നിവർ പങ്കെടുത്തു.