
വൈപ്പിൻ: ഫോക്‌ലോർ ഫെസ്റ്റ് 2021ന്റെ ഭാഗമായി ഇന്നു മുതൽ പത്തുനാൾ വൈപ്പിൻകരയിൽ സഞ്ചരിക്കുന്ന ചിത്രപ്രദർശനം നടക്കുമെന്ന് ഫെസ്റ്റ് ചെയർമാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. ഫെസ്റ്റിൽ പങ്കാളിത്തമുള്ള കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിലാണ് മൊബൈൽ ചിത്രപ്രദർശനം ഒരുക്കുന്നത്. വൈപ്പിൻ റോ റോ ജെട്ടിയിൽ രാവിലെ ഒൻപതിന് അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം നിർവ്വഹിക്കും.വി.എഫ്.എഫ്. ജനറൽ കൺവീനർ എ.പി. പ്രനിൽ അദ്ധ്യക്ഷനാകും. കോ ഓർഡിനേറ്റർ ബോണി തോമസ്, സാമൂഹ്യപ്രവർത്തകൻ എം.പി. പ്രശോഭ് എന്നിവർ പങ്കെടുക്കും. സർഗാത്മക കലാസൃഷ്ടികൾ ജനങ്ങളിലേക്ക് എത്തുന്ന പരിപാടി നവ്യാനുഭവമാകുമെന്ന് എം.എൽ.എ. പറഞ്ഞു. നൂതന സംവേദനക്ഷമത കൈവരിക്കാനും ചിത്രകലയിലേക്ക് ആകർഷിക്കപ്പെടാനും കുട്ടികൾക്ക് ഉൾപ്പെടെ പ്രദർശനം പ്രചോദനമാകും. സ്‌കൂളുകളും ബീച്ചുകളുമുൾപ്പെടെ കേന്ദ്രങ്ങളിൽ ലളിതകലാ അക്കാഡമിയുടെ ചിത്രപ്രദർശന വാഹനം എത്തും. ദിവസവും രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ടിടങ്ങളിലാണ് പ്രദർശനം നടക്കുക. ഇന്ന് ഉദ്ഘാടനശേഷം ഉച്ചതിരിഞ്ഞ് രണ്ടുവരെ റോറോ ജെട്ടിയിൽ പ്രദർശനമുണ്ടാകും. മൂന്നിന് ഗോശ്രീ ജംഗ്ഷനിൽ എത്തുന്ന വാഹനത്തിലെ പ്രദർശനം കാണാൻ രാത്രി എട്ടുവരെ അവസരമുണ്ടാകും.