കൊച്ചി: അമ്പത്തിനാലുകാരനായ പ്രസാദിന്റെ ഹൃദയത്തിന് പുതുജീവൻ നൽകിയ നിമിഷം എറണാകുളം ജനറൽ ആശുപത്രി കുറിച്ചത് ഇന്ത്യയിലെ ജില്ലാതല സർക്കാർ ആശുപത്രിയിൽ നടന്ന ആദ്യ ഹൃദയശസ്ത്രക്രിയ എന്ന ചരിത്രം. കോട്ടയം മെഡിക്കൽ കോളേജ് ഹൃദ്രോഗ ശസ്ത്രക്രിയവിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ബൈപ്പാസ് സർജറിക്ക് നേതൃത്വം നൽകിയത്.
വടക്കൻപറവൂർ ഏഴിക്കര കടക്കര കറുത്താംപറമ്പിൽ പ്രസാദാണ് ശസ്ത്രക്രിയക്ക് വിധേയനായത്. നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം കിതപ്പ് അനുഭവപ്പെട്ടിരുന്നു. ഒരുമാസം മുമ്പാണ് പരിശോധനയിൽ ഹൃദയത്തിൽ മൂന്നു ബ്ലോക്കുകൾ കണ്ടെത്തിയത്. ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഹൃദയശസ്ത്രക്രിയ നടത്താൻ മൂന്നുലക്ഷംരൂപ ചെലവ് വരുമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. പള്ളിയാക്കൽ സഹകരണബാങ്കിൽ താത്കാലിക ഡ്രൈവറായ പ്രസാദിന് ചെലവ് താങ്ങാൻ കഴിയുമായിരുന്നില്ല. തുടർന്നാണ് ജനറൽ ആശുപത്രിയിലെത്തിയത്.
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായായിരുന്നു ശസ്ത്രക്രിയ. രോഗി സുഖംപ്രാപിച്ചുവരുന്നതായി ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. മൂന്നുനാലു ദിവസത്തിനുശേഷമേ മുറിയിലേക്ക് മാറ്റുകയുള്ളൂ.
ജനറൽ ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പ്രസാദിന്റെ ഭാര്യാസഹോദരൻ ദേവദാസുമായി സംസാരിച്ചു.

സാധാരണക്കാർക്ക് ഗുണകരം

സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുള്ള ശസ്ത്രക്രിയയാണ് സാധാരണക്കാർക്ക് സൗജന്യമായി പ്രാപ്തമാവുന്നത്. മെഡിക്കൽ കോളേജുകളിൽ മാത്രമേ ഹൃദയശസ്ത്രക്രിയാ സൗകര്യമുള്ളൂ. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ നിർമ്മിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് കാർഡിയോ തൊറാസിക് സർജറി വിഭാഗം പ്രവർത്തിക്കുന്നത്. ഓപ്പറേഷൻ തിയേറ്ററും ഉപകരണങ്ങളും ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. സർജൻമാരെയും നിയമിച്ചു. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും ആരംഭിച്ചത്. ബൈപ്പാസ് ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റിവയ്ക്കൽ, ജന്മനായുള്ള ഹൃദയ തകരാറുകൾ, ശ്വാസകോശ രോഗങ്ങൾ മുതലായവ പരിഹരിക്കുന്നതിനും ജനറൽ ആശുപത്രി സജ്ജമാകും.