കൊച്ചി ∙ സംസ്ഥാനത്തെ തകർന്ന റോഡുകൾ നന്നാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി പുരോഗതി റിപ്പോർട്ടും നൽകും.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി. അജിത്കുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്.
കിഴക്കമ്പലം – നെല്ലാട് റോഡിന്റെ ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജോലികൾ പൂർത്തിയാകാൻ ഒരുവർഷമെടുക്കും. പുരോഗതി റിപ്പോർട്ട് അടുത്തതവണ ഹർജി പരിഗണിക്കുമ്പോൾ നൽകും.
ഗോശ്രീ പാലത്തിലെ ട്രാഫിക് ഐലൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി എറണാകുളം പ്രൊജക്ട് ഡയറക്ടറെ കക്ഷിചേർത്തു. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുമെന്ന് ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകൻ അറിയിച്ചു.