കൊച്ചി: ജില്ലാ സമ്മേളനത്തിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം പി.എൻ. ബാലകൃഷ്ണന്റെ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനോടുൾപ്പെടെ എതിർപ്പറിയിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ജില്ലാ സമ്മേളനത്തിന് ക്ഷീണമായെങ്കിലും ബാലകൃഷ്ണനെ തിരികെ എത്തിക്കാനുള്ള ശ്രമം പാർട്ടി തുടങ്ങിക്കഴിഞ്ഞു. പടിയിറക്കത്തെക്കുറിച്ചും ജില്ലയിലെ പാർട്ടിയെക്കുറിച്ചും കേരളകൗമുദിയോട് തുറന്നുപറയുകയാണ് ബാലകൃഷ്ണൻ.
ഇറങ്ങിപ്പോകാൻ കാരണം ?
എട്ടുവയസുമുതൽ ചെങ്കൊടി പിടിക്കുന്നതാണ്. 51 വർഷമായി പാർട്ടി അംഗവുമാണ്. കാരണംപോലും ധരിപ്പിക്കാതെ ജില്ലാ കമ്മിറ്റിയിൽ നിന്ന് മാറ്റിനിറുത്തിയതാണ് പ്രകോപിപ്പിച്ചത്. കോടിയേരിയോടും ജില്ലാ സെക്രട്ടറി സി.എൻ. മോഹനനോടും ഒഴിവാക്കാനുള്ള കാരണം ആരാഞ്ഞെങ്കിലും ഒരക്ഷരംപോലും മിണ്ടിയില്ല. വീട്ടുകാരും പാർട്ടിപ്രവർത്തകരും ചോദിക്കുമ്പോൾ എന്താണ് പറയുക.
പാർട്ടിക്കെതിരെ പ്രതികരിച്ചതിനാണോ ഒഴിവാക്കിയത് ?
പാർട്ടിക്കുള്ളിലെ നെറികേടുകളും വീഴ്ചകളും ചൂണ്ടിക്കാട്ടിയിരുന്നു. സി.എൻ. മോഹനന് തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമെന്നാണ് കരുതുന്നത്. ചിലർ തന്നെപ്പറ്റി തെറ്റിദ്ധരിപ്പിച്ചതാകാം. കറിവേപ്പിലപോലെ ഉപേക്ഷിച്ചുകളഞ്ഞു. പ്രായമാണ് മാനദണ്ഡമെങ്കിൽ എന്നേക്കാൾ മുതിർന്നവർ ഇപ്പോഴും ജില്ലാ കമ്മിറ്റിയിലുണ്ട്. പിറവത്തേയും പെരുമ്പാവൂരിലേയും തോൽവിക്ക് കാരണം പണത്തിന്റെ സ്വാധീനമാണ്. നേതാക്കൾക്ക് മൂല്യച്യുതികൾ സംഭവിച്ചിട്ടുണ്ട്.
പാർട്ടിയിൽ നിന്ന് പൂർണമായി ഒഴിവാകുകയാണോ ?
പാർട്ടി അംഗത്വത്തിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസവും ഇന്നലെയുമായി ജില്ലാ, സംസ്ഥാന നേതാക്കൾ ബന്ധപ്പെട്ടിരുന്നു. സഹകരിച്ചുപോകണമെന്നാണ് അവർ പറയുന്നത്. സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് നേതാക്കൾ വിളിച്ചത്. ഇപ്പോൾ അനുഭാവി മാത്രമാണ്.
മറ്റൊരു പാർട്ടിയിലേക്ക് ?
സി.പി.എമ്മിൽ അല്ലാതെ ഒരു പാർട്ടിയിലും പ്രവർത്തിക്കില്ല. ജില്ലാ കമ്മിറ്റിയിൽ പല അപചയങ്ങളുമുണ്ട്. എന്നാൽ രാജ്യത്ത് സി.പി.എം അനിവാര്യമാണ്. എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയനിലും സാംസ്കാരിക സംഘടനകളിലുമൊക്കെയായി പ്രവർത്തിക്കും. ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ ഒരുപാട് വേദികളുണ്ട്. ഇടുക്കിയിൽ കൃഷിത്തോട്ടമുണ്ട്. തൊഴിലാളികളായിരുന്നു അവിടെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇനി നേരിട്ടാണ് കൃഷി. ഞാനും നല്ലൊരു കൃഷിക്കാരനാണ്.