
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം നൽകുന്ന ബഡ്‌ജറ്റ് ടൂറിസത്തിന് ആവശ്യക്കാരേറിയപ്പോൾ വേണ്ടത്ര ബസ് അനുവദിക്കാതെ അധികൃതർ. പല ഡിപ്പോകളിലും ടൂർ പാക്കേജുകൾ നിലച്ച മട്ടാണ്. ചങ്ങനാശ്ശേരി ഡിപ്പോ ആരംഭിച്ച സർവീസുകൾ താത്ക്കാലികമായി നിറുത്തി. ദിവസവും അഞ്ചു ബസുകൾ വരെ ഓടിച്ചിരുന്ന കോതമംഗലം - കുട്ടമ്പുഴ - മാങ്കുളം - മൂന്നാർ സർവീസ് രണ്ടാക്കി. സീസണായതിനാൽ പാക്കേജുകളെല്ലാം ലാഭത്തിലാണ്. എന്നാൽ,യാത്രക്കാരുടെ ബുക്കിംഗുണ്ടായിട്ടും അവധി ദിവസങ്ങളിൽ ഓടാത്ത ബസുകൾ പോലും വിട്ടുനൽകുന്നില്ല. ഹെഡ് ഓഫീസിൽ നിന്ന് അനുമതി വാങ്ങണമെന്നാണ് ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ പുതിയ നിർദ്ദേശം. പല ഡിപ്പോകളും സ്വന്തം നിലയിലാണ് ടൂറിസം പാക്കേജുകൾ ആരംഭിച്ചതെങ്കിലും, സംഗതി ഹിറ്റായതോടെ സെല്ലിനെ ഏല്പിക്കുകയായിരുന്നു.
ശബരിമല സർവീസുകൾക്കായി കൂടുതൽ ബസുകൾ നൽകുന്നതാണ് കാരണമായി പറയുന്നതെങ്കിലും, വെറുതെ കിടക്കുന്ന ബസുകളും നൽകുന്നില്ല.
കോട്ടയം, മലപ്പുറം, ഇടുക്കി, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഡിപ്പോകളിൽ നിന്നാണ് ടൂറിസം സർവീസുകളുള്ളത്. 139 സർവീസുകളാണ് കഴിഞ്ഞ മാസം നടത്തിയത്. ഇവയിൽ ചാലക്കുടി - മലക്കപ്പാറ, കോതമംഗലം - മൂന്നാർ, മാവേലിക്കര - അരിപ്പ, മലപ്പുറം - മൂന്നാർ സർവീസുകൾക്ക് യാത്രക്കാർ ഏറെയാണ്. ഉല്ലാസയാത്രകൾക്ക് സെല്ലിന്റെ അനുമതി വേണമെന്ന കോർപ്പറേഷന്റെ തീരുമാനമാണ് പ്രശ്നം
സൃഷ്ടിച്ചത്. പ ല ഡിപ്പോകളും സമർപ്പിച്ച പാക്കേജുകളുടെ റിപ്പോർട്ട് സെൽ പരിഗണിച്ചില്ല.
ഹിറ്റായ
പാക്കേജുകൾ
₹പാലാ, മലപ്പുറം, ഹരിപ്പാട്, ആലപ്പുഴ, കുളത്തൂപ്പുഴ, തിരുവല്ല ഡിപ്പോകളിൽ നിന്ന് മലക്കപ്പാറ
₹മലപ്പുറം - മൂന്നാർ
₹കോതമംഗലം - മാങ്കുളം - മൂന്നാർ
₹പാലക്കാട് - നെല്ലിയാമ്പതി
₹തിരുവല്ല - വാഗമൺ - പരുന്തുംപാറ
"മണ്ഡലകാലത്ത് ബസുകളുടെ കുറവുണ്ട് . സീസണിന് ശേഷം കൂടുതൽ ബസുകൾ ടൂറിസം പാക്കേജുകൾക്കായി നൽകും".
-ജേക്കബ് സാം ലോപ്പസ്
ചീഫ് ട്രാഫിക് മാനേജർ
ബഡ്ജറ്റ് ടൂറിസം സെൽ