കോലഞ്ചേരി: നാട്ടിൽ നാലുംകൂട്ടി മുറുക്കിതുപ്പുന്നവർ വെറ്റിലയുടെ പ്രതാപത്തിന് മങ്ങലേല്പിക്കാത്ത ആശ്വാസത്തിലാണ് വെറ്റില കർഷകർ. കൊവിഡിനെ തുടർന്ന് വില ഇടിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വെറ്റിലവിപണി സുരക്ഷിതമായി തുടരുകയാണ്. 80 വെറ്റിലയടങ്ങിയ കെട്ടിന് അമ്പതുമുതൽ നൂറുവരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ നല്ലവെറ്റില കെട്ടിന് 230 രൂപ വരെയെത്തി. അടക്കയ്ക്കും വില കുതിച്ചുകയറുകയാണ്. ഒരെണ്ണത്തിന് അഞ്ചുരൂപവരെയാണ് വില. കൊട്ടപാക്കിന് കിലോ 300 രൂപ വരെയെത്തി. പരമ്പരാഗത കൃഷികളിൽ ഇനി അവശേഷിക്കുന്ന ഒന്നാണ് വെറ്റിലകൃഷി. പലരും പാരമ്പര്യമായി ചെയ്തുവന്നതിനാൽ കൃഷി കൈവിട്ടിട്ടില്ല. കോലഞ്ചേരി മേഖലയിൽ നിലവിൽ വിരലിൽ എണ്ണാവുന്നവരാണ് കൃഷിചെയ്യുന്നത്.
ഇന്ന് വിരലിലെണ്ണാവുന്ന കർഷകർ മാത്രമാണ് വെറ്റിലയുമായി എത്തുന്നത്. അതോടെ മറ്റ് ജില്ലകളിൽനിന്നുള്ള മൊത്തക്കച്ചവടക്കാരും വിപണിയിൽ എത്താതെയായി. കീടബാധയും വെള്ളപ്പൊക്കവും കാറ്റുവീഴ്ചയും മൂലമുള്ള കൃഷിനാശമാണ് വിപണിയിൽ വെറ്റിലയുടെ വരവ് കുറയാൻ കാരണമായത്. ആയുർവേദത്തിൽ പല ഔഷധങ്ങൾക്കും കൂട്ടായി വെറ്റില ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾക്കുള്ള രോഗങ്ങൾ, ഗ്യാസ്ശല്യം എന്നിവക്കുള്ള പ്രധാന മരുന്നിലൊന്നുമാണിത്. ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്‌ളേവിൻ, കരോട്ടിൻ എന്നിവ വെറ്റിലയിൽ അടങ്ങിയിട്ടുണ്ട്. നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില. സാധാരണ കൃഷിയേക്കാൾ ശ്രദ്ധയും പരിചരണവും വേണ്ട കൃഷിയാണിത്. നടുന്നത് മുതൽ ഇലയെടുത്ത് അടുക്കി കെട്ടുന്നതുവരെ കർഷകന്റെ പരിപാലനം ആവശ്യമാണ്.
മുമ്പ് പത്തു മുതൽ മുപ്പതുരൂപവരെ വിലയിടിഞ്ഞ കാലമുണ്ടായിരുന്നു. അന്ന് നഷ്ടം കാരണം പലരും കൃഷി ഉപേക്ഷിച്ചു. എത്ര വില കൂടുതൽ വന്നാലും ഇടനിലക്കാരന്റെ ചൂഷണം കാരണം കർഷകർക്ക് ഗുണം കിട്ടാറില്ലെന്നതും പരാതിയായുണ്ട്. നാടൻ അടയ്ക്കയുടെ വിപണനവും കുറഞ്ഞിട്ടുണ്ട്. മരത്തിൽ കയറി അടയ്ക്ക എടുക്കുന്നതിനുള്ള ബുദ്ധിമുട്ടും കൊട്ടപ്പാക്കിനുള്ള പ്രിയവും കാരണം കൂടുതലാളുകളും ഉണങ്ങിവീഴുന്ന അടയ്ക്ക തൊണ്ട് പൊളിച്ച് വിൽപന നടത്തുകയാണ്.
കൊവിഡിന് മുമ്പ് വില കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കാൻ വരെ തയ്യാറെടുത്തതാണ്. ഇനി പിടിച്ചു നിൽക്കാനാകുമെന്നാണ് പ്രതീക്ഷ
ഒ.വി. രവീന്ദ്രൻ
വെറ്റില കർഷകൻ