t-c-c
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ഏലൂരിലെ മൂന്നു പ്രധാന പദ്ധതികളുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കുന്നു.

കളമശേരി: സംസ്ഥാനത്തെ 41 പൊതുമേഖലാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തി കാര്യക്ഷമതയോടെ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സർക്കാരിനെമാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്ന പ്രവണത പ്രോത്സാഹിപ്പിക്കില്ല. പൊതുമേഖലാ സ്ഥാപനമേധാവികളുടെ യോഗം വിളിച്ച് പ്രത്യേകം മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഏഴ് കാറ്റഗറിയായി തിരിച്ച് ഏഴ് പേരടങ്ങുന്ന വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ച് തലപ്പത്ത് ഒരാളെ നിയമിച്ചുകഴിഞ്ഞു. രാസ വ്യവസായത്തിന്റെ കേന്ദ്രമായി കൊച്ചിയെ മാറ്റുന്നതിൽ പ്രധാനപങ്കുവഹിച്ച ടി.സി.സിയുടെ 75 ടി.പി.ഡി കാസ്റ്റിക് സോഡാ പ്ലാന്റ്, ഫ്ളോട്ടിംഗ് ജെട്ടി, ബോയിലറിലേക്ക് ആർ - എൽ.എൻ.ജി ഇന്ധനത്തിന്റെ കമ്മീഷണിംഗ് എന്നീ മൂന്നുപദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈബി ഈഡൻ എം.പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ കെ. ഹരികുമാർ , സ്വതന്ത്ര ഡയറക്ടർ വി.സലിം , മുൻ എം.എൽ.എ എ.എം.യൂസഫ്, കൗൺസിലർ കൃഷ്ണപ്രസാദ് , ജനറൽ മാനേജർ ആർ.രാജീവ് തുടങ്ങിയവർ സംസാരിച്ചു.