df

കൊച്ചി: ഒമ്പതുദിവസം മുമ്പാണ് വടുതല പച്ചാളത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടുചാക്ക് കഞ്ചാവ് പൊലീസ് കണ്ടെടുത്തത്. അന്വേഷണം ആരംഭിച്ച് ഒരാഴ്ചപിന്നിടുമ്പോൾ കഞ്ചാവ് ഉപേക്ഷിച്ചവരെ ഏതാണ്ട് പൊലീസ് കണ്ടെത്തിക്കഴിഞ്ഞതായാണ് വിവരം. എന്നാൽ അറസ്റ്റിലേക്ക് നീങ്ങിയിട്ടില്ല. ചിലവിവരങ്ങൾ കൂടി ലഭിക്കാനുള്ളതിനാലാണ് അറസ്റ്റ് വൈകുന്നത്. മാത്രമല്ല, കഞ്ചാവ് ഉപേക്ഷിക്കാൻ സഹായിച്ച കൂട്ടുപ്രതികളെ പിടികൂടാനുമുണ്ട്. വ്യക്തമായ തെളിവില്ലാതെ അറസ്റ്റിലേക്ക് നീങ്ങിയാൽ ചാക്കിലാകുന്നത് പൊലീസാകും. ഇതൊഴിവാക്കാനാണ് സമഗ്രമായ അന്വേഷണം നടത്തുന്നത്. കഞ്ചാവ് ചാക്കിന് പിന്നിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

 പിടിച്ചത് 10 കിലോ, ബാക്കി ഉപേക്ഷിച്ചു?

ആലപ്പുഴ ജില്ലയിലെ ഒരു സ്റ്റേഷനിൽ കഴിഞ്ഞദിവസം 10 കിലോ കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവാസിയായ ഇയാൾ ലഹരിക്കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭം സുഹൃത്തിൽ നിന്ന് മനസിലാക്കി നാല് ലക്ഷം രൂപയ്ക്ക് കഞ്ചാവ് വാങ്ങുകയായിരുന്നു. സുഹൃത്തുമായി ചേ‌ർന്ന് കച്ചവടം നടത്തുകയായിരുന്നു ഉദ്ദേശ്യം. പുറത്തറിയാതിരിക്കാൻ കഞ്ചാവ് കാറിൽ സൂക്ഷിച്ചു. ഇതിനിടെയാണ് 10 കിലോ കഞ്ചാവുമായി ഇയാളെ പൊലീസ് പിടികൂടിയത്. അന്വേഷണം നീളുമെന്ന് ഉറപ്പായതോടെ ശേഷിച്ച കഞ്ചാവ് കൂട്ടുകാരെ ചട്ടംകെട്ടിച്ച് പലയിടത്തായി നിക്ഷേപിക്കാൻ സുഹൃത്ത് ആവശ്യപ്പെടുകയായിരുന്നുവത്രേ. ഇവരാണ് പച്ചാളത്ത് കഞ്ചാവ് ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.

 ഉപേക്ഷിച്ചത് മൂന്നുപേ‌ർ

മൂന്നുപേ‌ർ ചേ‌ർന്ന് കഞ്ചാവ് ഉപേക്ഷിച്ചെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിലെ പൊലീസ് കൊച്ചി സിറ്റിപൊലീസുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അതേസമയം പച്ചാളം ചാക്ക് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് നോ‌ർത്ത് എസ്.എച്ച്.ഒ പറയുന്നത്. പച്ചാളം പി.ജെ.ആന്റണി ഗ്രൗണ്ടിന് പിന്നിലെ കാടുമൂടിയ പറമ്പിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രദേശം വൃത്തിയാക്കുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചിയിൽ ലഹരിപ്പാർട്ടികളുടെ സാന്നിദ്ധ്യം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ സിറ്റി പൊലീസ് ജാഗ്രതയി​ലാണ്. എറണാകുളം ഡി.സി.പിയുടെ നിർദ്ദേശപ്രകാരം നഗരത്തിൽ വ്യാപകപരിശോധനയാണ് നടക്കുന്നത്.