പെരുമ്പാവൂർ: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വരൾച്ച ശക്തമാകുന്ന സാഹചര്യത്തിൽ പെരിയാർവാലി കനാലിലൂടെ ജലസേചനം എത്രയും വേഗം നടത്തി കർഷകരുടെയും ജനങ്ങളുടെയും കുടിവെള്ളപ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. കാലവർഷം അവസാനിച്ചതോടെ ജലലഭ്യത കുറഞ്ഞത് വരൾച്ച ശക്തമാക്കി. പെരിയാർവാലി കനാലിലൂടെയുള്ള ജലലഭ്യത അനുസരിച്ച് കൃഷി ചെയ്യുന്ന കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് എം.എൽ.എ എക്സിക്യൂട്ടീവ് എൻജിനീയറെ അറിയിച്ചു. കനാൽ ജലത്തിന്റെ അപര്യാപ്തത മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനിൽ ജലവിതരണം ഭാഗികമായി തടസപ്പെടുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും എം.എൽ.എ ചൂണ്ടിക്കാണിച്ചു.

കാലവർഷം ശക്തമായപ്പോൾ പല സ്ഥലങ്ങളിലും കനാലിന്റെ അരികുകൾ ഇടിഞ്ഞിരുന്നു. ഇതിന്റെ പുനർനിർമ്മാണം അവസാന ഘട്ടത്തിൽ ആണെന്നും കനാലിന്റെ ക്ളീനിംഗ് ജോലികൾ ഏകദേശം ഇതിനോടകം പൂർത്തിയാണെന്നും എം.എൽ.എയുടെ നിർദ്ദേശ പ്രകാരം ഡിസംബർ 24ന് ജലവിതരണം ട്രയൽ റൺ നടത്തി ജനുവരി ഒന്ന് മുതൽ പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്നുവിടുന്നതായിരിക്കുമെന്നും പി.വി.ഐ.പി എക്സിക്യൂട്ടീവ് എൻജിനീയർ സി.വി ബൈജു ഉറപ്പ് നൽകിയതായും എം.എൽ.എ അറിയിച്ചു.