ആലുവ: ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന 'എന്റെ ഗുരു ക്യാമ്പ്' ഡിസംബർ 27ന് രാവിലെ ഒമ്പതിന് ആലുവ അദ്വൈതാശ്രമത്തിൽ നടക്കും.
കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ദൈവദശകം 100 ലോകഭാഷകളിൽ മൊഴിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണു ഗുരുദേവ കൃതികളും അരങ്ങിലെത്തിക്കുന്നത്. ഗിന്നസ് റെക്കാർഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിനു നേതൃത്വം നൽകിയ
അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. ഗുരുധ്യാനം, ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ജനനീ നവരത്‌ന മഞ്ജരി, പിണ്ഡനന്ദി, അനുകമ്പാ ദശകം, ശിവപ്രസാദ പഞ്ചകം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തിക്കുന്നത്. കലാമണ്ഡലം ഡോ. രചിത രവി മോഹിനിയാട്ടത്തിലും കലാമണ്ഡലം നിമിഷ നീരജ് കുച്ചിപ്പുഡിയിലും ക്ലാസടുക്കുമെന്ന് എന്റെ ഗുരു ക്യാമ്പ് ചെയർപേഴ്‌സൻ സുനന്ദ ശബരീശൻ, ജനറൽ കൺവീനർ സിനിഷ സന്തോഷ് എന്നിവർ പറഞ്ഞു.
27ന് രാവിലെ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അശ്വനി ശ്രീജിത്ത് (വൈസ് ചെയർപേഴ്‌സൺ), അബിത സുനിൽകുമാർ (ചീഫ് കോഓർഡിനേറ്റർ), ധന്യ ശ്രീജിത്ത്,
രമ്യ അനൂപ്, ദീപ വേണുഗോപാൽ എന്നിവരാണ് മറ്റ് സ്വാഗതസംഘം ഭാരവാഹികൾ. ഫോൺ: 8637 433 965.