കൊച്ചി: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ലഹരി ഉപയോഗവും അക്രമസംഭവങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ വീടുകയറി ബോധവത്കരണം നടത്താൻ എക്‌സൈസ് തീരുമാനിച്ചു. ലഹരി വിമുക്തി മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് മരട് നഗരസഭയിലെ ഇരുപത്തി മൂന്നാം വാർഡിലെ മുത്തേടം കോളനിയിൽ ജനകീയ മുഖാമുഖവും ഭവന സന്ദർശനവും നടത്തും. ഇന്ന് രാവിലെ 9ന് പ്രിയദർശിനി ഹാളിൽ നടക്കുന്ന ജനകീയ മുഖാമുഖം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.കെ. അനിൽകുമാർ സംസാരിക്കും.
നഗരസഭാ വൈസ് ചെയർമാൻ അഡ്വ.രശ്മി സനൽ, കൗൺസിലർമാരായ സി.ആർ ഷാനവാസ്, എ.കെ.അഫ്‌സൽ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.വി.ജിജിമോൾ ക്ലാസ് നയിക്കും. ശേഷം ലഹരി വിരുദ്ധ സന്ദേശമുയർത്തി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ഭവന സന്ദർശനം നടത്തും. കുടുംബശ്രീ പ്രവർത്തകരും മരട് ഗവ.ഐ.ടി.ഐ. വിദ്യാർത്ഥികളും പങ്കാളികളാകും. മേഖലയിൽ ബോധവത്കരണ പരിപാടികളോടൊപ്പം എൻഫോഴ്‌സ്‌മെന്റ് നടപടികളും കാര്യക്ഷമമാക്കുമെന്ന് കെ.കെ. അനിൽകുമാർ അറിയിച്ചു.