ആലുവ: കെ.എസ്.ആർ.ടി.സിയിൽ നവംബർ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ആലുവ യൂണിറ്റ് 'പ്രതീകാത്മക തൂങ്ങി മരണം' സമരം വേറിട്ടതായി. 'എന്റെ മക്കൾ പട്ടിണിയിലാണ്, എന്റെ മാതാപിതാക്കൾക്ക് മരുന്നിന് പോലും പണമില്ല. രാവും പകലും ജോലി ചെയ്യുന്നുണ്ട്, കൂലിയില്ല. എന്റെ മരണത്തിനുത്തരവാദി എൽ.ഡി.എഫ് സർക്കാരും കെ.എസ്.ആർ.ടി.സി മാനേജ്മെന്റുമാണ് എന്ന പ്ളക്കാർഡുമായി ജീവനക്കാരൻ തൂങ്ങി മരിക്കുന്ന പ്രതീകാത്മക സമരമാണ് സ്റ്റാൻഡിൽ സംഘടിപ്പിച്ചത്. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ജി. അജികുമാർ, വൈസ് പ്രസിഡന്റ് പി.വി. സതീഷ്, യൂണിറ്റ് പ്രസിഡന്റ് പി.ആർ. സ്മിതോഷ്, സെക്രട്ടറി പ്രതീഷ്, ട്രഷറർ കെ.വി.വിജു എന്നിവർ നേതൃത്വം നൽകി.