കൊച്ചി: നഗരത്തിന് വേണ്ടത് കുന്നംകുളം മാതൃകയിലുള്ള എയ്‌റോബിക് വിൻട്രോ കമ്പോസ്റ്റിംഗ് മാർഗമെന്ന് മുൻമന്ത്രി ഡോ. തോമസ് ഐസക്. മാലിന്യസംസ്‌കരണത്തിനും നഗരശുചീകരണത്തിനുമായി കൊച്ചിനഗരസഭ മുന്നോട്ടുവയ്ക്കുന്ന മാതൃകാപദ്ധതിയായ ഹീലുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യങ്ങൾ തരംതിരിച്ച് എടുക്കാൻ ചിലസമയങ്ങളിൽ കഴിയാത്തതാണ് ബ്രഹ്മപുരത്തെയടക്കം പരാജയത്തിന്റെ കാരണമാകുന്നത്. യന്ത്രത്തിന്റെ സഹായത്തോടെ തരംതിരിക്കുന്നതിന് പകരം വീടുകളിലും കടകളിലും നിന്ന് തരംതിരിച്ച് നൽകിയാൽ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.
വീടുകളിൽ നിന്നും മാലിന്യം തരംതിരിച്ച് ശേഖരിക്കാനും വീട്ടിൽ തന്നെ മാലിന്യം വളമാക്കി മാറ്റുകയും ചെയ്യുന്ന പദ്ധതി കഴിയാവുന്നത്ര ഡിവിഷനുകളിൽ ആരംഭിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. എല്ലാ ജനപ്രതിനിധികളും സ്വന്തം ഡിവിഷനുകളിൽ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിക്കണം. ജനപങ്കാളിത്തത്തോടെയുളള വാർഡ് സഭകൾ ഇതിനായി വിളിച്ചുചേർക്കണം. ഏറ്റവും ലളിതമായ എയ്‌റോബിക് കമ്പോസ്റ്റിംഗ് സംവിധാനവും കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തണം. സ്‌കൂൾതലം മുതൽ തന്നെ വരുംതലമുറയെ കൂടി മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ പരിശീലിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ വിവിധ സംഘടന പ്രതിനിധികളും കൗൺസിലർമാരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. മേയർ അഡ്വ. എം. അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ. റെനീഷ്, ഷീബ ലാൽ, എം.എച്ച്.എം. അഷറഫ്, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, നഗരസഭ സെക്രട്ടറി എ.എ. നൈസാം തുടങ്ങിയവർ സംസാരിച്ചു.
ഹരിത ഇടനാഴികൾ വരും
എബ്രഹാം മാടമാക്കൽ റോഡ് മുതൽ ഡർബാർ ഹാൾ റോഡ് വരെയുള്ള സ്ഥലത്തെ നഗരത്തിന്റെ ഹരിത ഇടനാഴിയാക്കി മാറ്റുമെന്ന് മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. മംഗളവനം, ഓൾഡ് റെയിൽവേ സ്‌റ്റേഷൻ എന്നീ സ്ഥലങ്ങളുടെ കൂടി ഭാഗമാകുന്ന റോഡാണിത്. ഈ റോഡിന്റെ ഭാഗമായുള്ള ഹൈക്കോടതി, വിവിധ കോളേജുകൾ എന്നിവയെ ഒരുമിച്ച് ചേർത്ത് അവരുടെ അഭിപ്രായങ്ങൾ പരിഗണനയിലെടുത്താകും പദ്ധതി നടപ്പാക്കുന്നതെന്ന് മേയർ പറഞ്ഞു.
വൃത്തിയുള്ള വാർഡിന് സമ്മാനം
ഇൻഡ്യൻ ചേംബർ ഒഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ എല്ലാ മാസവും ഏറ്റവും നല്ല ശുചിത്വമുളള ഡിവിഷന് സമ്മാനം നൽകും. ശുചിയായ തെരുവുകളും സുന്ദരമായ പൊതു സ്ഥലങ്ങളും നഗരത്തിലേക്ക് നിക്ഷേപകരെയും സന്ദർശകരെയും ആകർഷിക്കപ്പിക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ചൊവാഴ്ച നഗരസഭ പ്രത്യേക കൗൺസിൽ യോഗം ചേർന്ന് ബൈലോ ഉൾപ്പെടെ ചർച്ച ചെയ്യും. തുടർന്ന് വിവിധ സംഘടനകളുമായും, വാർഡ് സഭകളിൽ പൊതുജനങ്ങളുമായും ഇക്കാര്യം ചർച്ച ചെയ്യും.