beverage-paravur
പൊലീസ് സംരക്ഷണത്തിൽ ആരംഭിച്ച പെരുമ്പടന്നയിലെ ബവ്റിജസ് ഔട്‌ലെറ്റിൽ മദ്യം ഇറക്കുന്നത് തടയാനെത്തിയ സ്ത്രീകടക്കമുള്ളവർ.

പറവൂർ: പെരുമ്പടന്നയിൽ പൊലീസ് സംരക്ഷണത്തിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് തുടങ്ങി. സ്ത്രീകടക്കമുള്ളവരുടെ പ്രതിഷേധനത്തിനിടയിലാണ് പറവൂർ – ചെറായി പ്രധാന റോഡിൽ പെരുമ്പടന്ന പാലത്തിനു സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് ആരംഭിച്ചത്. മദ്യക്കുപ്പികൾ വാഹനത്തിൽ കൊണ്ടുവന്നപ്പോൾ സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചെങ്കിലും കോടതി വിധിയുണ്ടെന്ന കാരണം പറഞ്ഞു പൊലീസിന്റെ സംരക്ഷണത്തിൽ മദ്യക്കുപ്പികൾ ഔട്ട്ലെറ്റിലേക്ക് മാറ്റി. കോടതി വിധി കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അടുത്ത ദിവസമേ വിധിപകർപ്പു ലഭിക്കൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. മുൻമന്ത്രി എസ്. ശർമ സ്ഥലത്തെത്തി പ്രതിഷേധമറിയിച്ചു. ഇവിടെ ഔട്ട്ലെറ്റ് സ്ഥാപിക്കരുതെന്ന് നേരത്തെ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതാണെന്നും തുടങ്ങിയ ഔട്ട്ലെറ്റ് നിർത്തലാക്കണമെന്നു മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔട്ട്ലെറ്റിനെ നിയമപരമായി നേരിടുമെന്നു ജനകീയ സമര സമിതി ചെയർമാൻ അനു വട്ടത്തറ പറഞ്ഞു.