പറവൂർ: ചാത്തനാട് – വലിയകടമക്കുടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. ഭൂമി വിട്ടുനൽകുന്ന രേഖകൾ സമർപ്പിച്ച ഏഴിക്കര വില്ലേജിലെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തുക ഈ മാസം കൊടുക്കും. രേഖകൾ സമർപ്പിക്കാത്തവർക്ക് ഏൽപ്പിക്കുന്ന മുറയ്ക്ക് നൽകും. പാലത്തിന്റെ ചാത്തനാട് ഭാഗത്തെ നിർമ്മാണമാണ് ആദ്യം ആരംഭിക്കുന്നത്. തുടർന്ന് കടമക്കുടി ഭാഗത്തെ നിർമ്മാണവും പൂർത്തിയാക്കും. ജില്ലകളക്ടറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഏഴിക്കര പഞ്ചായത്ത് കെ.ഡി. വിൻസെന്റ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു. പാലത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഇപ്പോൾ നൽകുന്ന പുനരധിവാസ പാക്കേജിനും നഷ്ടപരിഹാരത്തുകയ്ക്കും പുറമെ മൂന്നു സെന്റ് ഭൂമി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.
സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലെന്ന് വി.ഡി. സതീശൻ
ചാത്തനാട് - വലിയകടമക്കുടി പാലത്തിന്റെ പുനരധിവാസ പാക്കേജും നഷ്ടപരിഹാരത്തുകയും കൊടുത്ത് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സാഹചര്യമെത്തിയപ്പോൾ സി.പി.എം കള്ളപ്രചരണം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പറവൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ താൻ പാലം പണിക്ക് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുമായി വീടുവീടാന്തരം ഒപ്പ് ശേഖരണം നടത്തുകയാണ് സി.പി.എം. ഇവർ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലാണ് സമരം നടത്തേണ്ടത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെ ജിഡ കൗൺസിൽ പുന:സംഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടര വർഷം കഴിഞ്ഞാണ് ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിട്ടി പുന:സംഘടിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഒരു യോഗത്തിലാണ് പങ്കെടുത്തത്. എൽ.ഡി.എഫ്. സർക്കാർ ജിഡയോടും അവിടത്തെ ജനങ്ങളോടും കാണിക്കുന്ന അവഗണനക്കെതിരെയാണ് പ്രതിഷേധം വേണ്ടതെന്ന് വി.ഡി. സതീശൻ പറഞ്ഞു.