മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ വിഭജിച്ച് പായിപ്ര ഗ്രാമപഞ്ചായത്തിലെ പേഴയ്ക്കാപ്പിളളി ആസ്ഥാനമായി പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. 2017 മാർച്ച് 16ന് ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് എൽദോ എബ്രഹാം മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ തുടർന്നായിരുന്നു നടപടികൾ ആരംഭിച്ചത്. 1988ൽ മൂവാറ്റുപുഴ സ്റ്റേഷൻ വിഭജിച്ച് വാഴക്കുളം പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചു. വർദ്ധിച്ചു വരുന്ന ക്രിമിനൽ കേസുകൾ, ട്രാഫിക് സംബന്ധമായ കേസുകൾ എന്നിവ കണക്കാക്കിയാൽ വിഭജനം ആവശ്യമാണ്. മൂവാറ്റുപുഴ താലൂക്കിലെ മുളവൂർ ,വെള്ളുർകുന്നം, മാറാടി, വാളകം, ആരക്കുഴ എന്നീ വില്ലേജുകൾ ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനപരിധി. ജനങ്ങൾക്ക് സേവനം സുഗമമാക്കാൻ പായിപ്ര പഞ്ചായത്തിനെ പൂർണ്ണമായും പുതിയ സ്റ്റേഷൻ പരിധിയിലേക്ക് കൊണ്ടുവരണം. മൂവാറ്റുപുഴ സ്റ്റേഷനോട് അതിർത്തി പങ്കിടുന്ന കുന്നത്തുനാട് സ്റ്റേഷന്റെ ഭാഗമായ നെല്ലാട്, മണ്ണൂർ, വീട്ടൂർ, തൃക്കളത്തൂർ എന്നീ പ്രദേശവും ,കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ കീഴില്ലവും, കോതമംഗലം താലൂക്കിലെ ഇരമല്ലൂർ വില്ലേജിലെ ചെറുവട്ടൂരും ഉൾപ്പെടുത്തി പുതിയ സ്റ്റേഷൻ രൂപീകരിക്കാനാകും. പായിപ്ര പഞ്ചായത്ത് സ്റ്റേഷന് ആവശ്യമായ സ്ഥലവും കെട്ടിടവും നൽകുന്നതിന് കമ്മിറ്റി തീരുമാനവുമുണ്ട്. പായിപ്ര കവലയുടെ അനുദിന വികസനവും ജനസംഖ്യയും കേസുകളുടെ കണക്കുകളും പരിശോധിക്കപ്പെടുമ്പോൾ സേവനം കാര്യക്ഷമമാക്കാൻ പേഴയ്ക്കാപ്പിള്ളിയിൽ പൊലീസ് സ്റ്റേഷൻ അനിവാര്യമാണെന്ന് സ്റ്റേഷന്റെ ആവശ്യകത സംബന്ധിച്ച പ്രൊപ്പോസൽ ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് ആസ്ഥാനത്തിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഡിപ്പാർട്ട്‌മെന്റ് തലത്തിൽ വിഷയം വീണ്ടും പി.എച്ച്.ക്യൂവിലേക്ക് അറിയിക്കേണ്ട ആവശ്യകത ബോദ്ധ്യപ്പെടുത്താൻ ആലുവയിൽ ജല്ലാ പൊലീസ് മേധാവിയുമായി എൽദോ എബ്രഹാം കൂടിക്കാഴ്ച നടത്തി.