വൈപ്പിൻ:ഫോക്ക്‌ലോർ ഫെസ്റ്റ് അവസാന പാതയിലേക്ക് കടക്കുമ്പോൾ ഇനി ഓരോ നാളിലും വൈപ്പിൻകരയിലെമ്പാടും വൈവിദ്ധ്യമാർന്ന പരിപാടികൾ അരങ്ങേറാൻ ഒരുക്കങ്ങൾ പൂർത്തിയായി. വളപ്പ് ബീച്ച് വ്യാപാരമേളയ്ക്കും അമ്യൂസ്‌മെന്റ് പരിപാടികൾക്കും വൈകുന്നേരങ്ങളിൽ കലാപരിപാടികൾക്കുമായി ഒരുങ്ങിക്കഴിഞ്ഞു.
രാജ്യവ്യാപകമായി എൻ.സി.സി.യുടെ നേതൃത്വത്തിൽ നടത്തിവരുന്ന കടൽ സംരക്ഷണ പ്രചാരണയജ്ഞമായ പുനീത് സാഗർ അഭിയാൻ വളപ്പ് ബീച്ചിൽ ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് രാവിലെ 8.30 മുതൽ ശുചീകരണ യജ്ഞം നടത്തും. ജനങ്ങളിൽ കടൽത്തീരങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിന്റെ ഭാഗമായി 3 കേരള എയർവിംഗ് എൻ.സി.സി യൂണിറ്റിന്റെ ഭാഗമായ പറവൂർ എസ്.എൻ.വി. സംസ്‌കൃതം എച്ച്.എച്ച്.എസിലെ 50 എൻ.സി.സി.കേഡറ്റുകൾ ബീച്ച് ക്ലീനിംഗ്, 'പ്ലാസ്റ്റിക് വിമുക്ത കടലോരം' എന്ന ആശയം പകരുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ശേഖരിച്ച് തദേശ സ്ഥാപനങ്ങൾക്ക് കൈമാറൽ എന്നിവയും പൊതുസമ്മേളനവും നടത്തും. സ്‌കൂൾ മാനേജർ ഹരി വിജയന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും.
ഇന്ന് രാവിലെ 9.30ന് ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ ഭാരതവന്ദനം വിവിധഭാഷ കവിയരങ്ങ് നടക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയുടെ പ്രതീകമായി ഇരുപതിലേറെ ഇന്ത്യൻ, വിദേശ ഭാഷകളിൽ ഭാരതാംബയെ വന്ദനം ചെയ്യുന്ന 75 കവിതകൾ നാലു സെഷനുകളിലായി വിദേശികളുൾപ്പെടെ ആലപിക്കും. ഫെസ്റ്റുമായി സഹകരിച്ച് ഗ്രേറ്റർ കൊച്ചി കൾച്ചറൽഫോറം സംഘടിപ്പിക്കുന്ന പരിപാടി എഴുത്തുകാരി പ്രൊഫ. മ്യൂസ്‌മേരി ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷനാകും. കവിസമ്മേളനത്തിൽ എസ്.ജോസഫ്, വി.ദേവിക, ഡോ.എം.എൻ. അഥീന, ജിബി ദീപക്, ശരത് എസ് ബാവക്കാട്ട് എന്നിവർ മോഡറേറ്റർമാരാകും. ഗ്രാഫിറ്റി രചനയുടെ സമാപനം വൈകിട്ട് 5.30ന് ചെറായി ബീച്ചിൽ ജസ്റ്റിസ് കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചയ്ക്ക് 1.30 മുതൽ ചെറായി സഹോദരൻ സ്മാരകത്തിൽ ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റ് ആരംഭിക്കും.