മൂവാറ്റുപുഴ: കാലങ്ങളായി കേൾക്കുന്ന വികസന പദ്ധതികളായ മുറിക്കല്ല് ബൈപ്പാസ്, നഗരവികസനം എന്നിവയ്ക്ക് ജീവൻ വയ്ക്കുന്നു. ഡോ. മാത്യുകുഴൽനാടന്റെ എം.എൽ.എയുടെ ഇടപെടലുകളിലൂടെ ഈ പദ്ധതികൾ പുനരാരംഭിക്കുന്നു. മുടങ്ങിപ്പോയ മുറിക്കല്ല് ബൈപ്പാസ് നിർമ്മാണം പുനരാരംഭിക്കാനുള്ള സാദ്ധ്യത തേടി സാമൂഹ്യപ്രത്യാഘാത പഠനം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. എം.സി റോഡിലെ 130 കവലയിൽനിന്ന് കടാതി വരെയുള്ള മുറിക്കല്ല് ബൈപ്പാസിനു വേണ്ടിവരുന്ന സ്ഥലം ഏറ്റെടുക്കാൻ സാധിക്കുമോ എന്നാണ് പരിശോധിക്കപ്പെടുന്നത്. രാജഗിരി ഔട്ട് റീച്ചിനെയാണ് സാമൂഹ്യാഘാത പഠനം നടത്തുന്നതിനു നിയോഗിച്ചിട്ടുള്ളത്. രണ്ടുമാസത്തെ കാലാവധിയാണ് നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ സ്ഥലമേറ്റെടുപ്പ് പൂർണമായി നടന്നാൽ മാത്രമേ മുറിക്കല്ല് ബൈപ്പാസ് യാഥാർഥ്യമാകൂ. മാറാടി, വെള്ളൂർകുന്നം മേഖലയിൽ നിന്നായി 3.1274 ഹെക്ടറാണ് വേണ്ടി വരുന്ന സ്ഥലം. ഇതിനോടകം 0.1430

ഹെക്ടർ സ്ഥലം മാറാടിയിൽ നിന്നും 1.0296 ഹെക്ടർ സ്ഥലം വെള്ളൂർ കുന്നത്തുനിന്നും ഏറ്റെടുത്തു. ആകെ ഏറ്റെടുത്ത സ്ഥലം 1.7726 ഹെക്ടറാണ്. ഇനി വേണ്ടത് 1.9732 ഹെക്ടറാണ്. ഇതിനായി പൊതുമരാമത്തുവകുപ്പിന്റെ ഇൻസ്‌പെക്ഷൻ നടന്നു കഴിഞ്ഞു. സാദ്ധ്യതാ പഠനത്തിനു മാത്രമായി 50 ലക്ഷം രൂപയാണ് കിഫ്ബി വഴി മുടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർവേ രാജഗിരി ഔട്ട്റീച്ച് ഇന്ന് ആരംഭിക്കും. ഇതോടൊപ്പം റവന്യു വകുപ്പും ഒരു സർവേ നടത്തും. ഇതുപൂർത്തിയായാലേ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ചെയ്യാനാകൂ. മുറിക്കല്ല് ബൈപ്പാസിന്റെ പ്രൊജക്ട് കോസ്റ്റ് 59.97 കോടി രൂപയാണ്. ഇതിൽ കടാതി പാലം നിർമ്മാണത്തിനായി ഇതുവരെ 14 കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയാണ് നഗരവികസനം. ഇതിനോടകം തന്നെ നഗരവികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പും മറ്റും തുടങ്ങിക്കഴിഞ്ഞു. ഇതിലേക്കായി മാറാടി, വെള്ളൂർകുന്നം മേഖലകളിൽ നിന്ന് 47.03 ആർ സ്ഥലമാണ് വേണ്ടത്. ഇതിൽ 34. 95 ആർ സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു നൽകിയിട്ടുണ്ട്. ഇനി വേണ്ടത് 12.08 ആർ ആണ്. ആകെ പദ്ധതി ചെലവ് 32. 14 കോടി രൂപയാണെന്നും എം.എൽ.എ പറഞ്ഞു.