കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന് സഹായവുമായി കേരള മാനേജ്മന്റ് അസോസിയേഷൻ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ബിരുദബിരുദാനന്തര പഠനത്തിനാണ് സ്‌കോളർഷിപ്പ് നൽകുക.
ആദ്യഘട്ടത്തിൽ 25 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവിനായി സഹായം നൽകും. കോർപ്പറേറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധതാ (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ചാവും സ്‌കോളർഷിപ്പുകൾ.
കെ.എം.എ സംഘടിപ്പിച്ച സി.എസ്.ആർ കോൺക്ലേവും അവാർഡ് ദാനവും നടന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് ആർ. മാധവ് ചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.
വ്യവസായ മന്ത്രി പി. രാജീവ് ഓൺലൈനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എസ്.ആർ ഫണ്ടുകൾ എങ്ങനെ മാറ്റങ്ങൾ സൃഷ്ടിക്കും എന്നതിന് ഉദാഹരണമാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ആദ്യ ഹൃദയ ശസ്ത്രക്രിയയെന്ന് മന്ത്രി പറഞ്ഞു. ബി.പി.സി.എൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, റോട്ടറി ഇന്റർനാഷണൽ എന്നിവയുടെ ഇടപെടലിലൂടെയാണ് ജനറൽ ഹോസ്പിറ്റലിലെ സൗകര്യങ്ങൾ സി.എസ്.ആർ ഫണ്ട് വഴി സാദ്ധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ബി.പി.സി.എൽ മുൻ എക്‌സിക്യുട്ടീവ് ഡയറക്ടറും കെ.എം.എ മുൻ പ്രസിഡന്റുമായ പ്രസാദ് കെ. പണിക്കർ പ്രത്യേകപ്രഭാഷണം നടത്തി. എസ്.പി.ജെ.ഐ.എം.ആർ സാമൂഹ്യ സേവന പദ്ധതികളുടെ മേധാവി പ്രഭാത് പാനി മുഖ്യപ്രഭാഷണം നടത്തി.
സാമൂഹ്യ സേവനത്തിന് ജംനാലാൽ അവാർഡ് നേടിയ മഹർ ഫൗണ്ടേഷൻ സ്ഥാപകയും ഡയറക്ടറുമായ സിസ്റ്റർ ലൂസി കുര്യനെ മന്ത്രി രാജീവ് ആദരിച്ചു. 2020 ലെ കെ.എം.എയുടെ സി.എസ്.അർ അവാർഡുകളും വിതരണം ചെയ്തു.
കെ.എം.എ മുൻ പ്രസിഡന്റ് മാരായ ജിബു പോൾ, എസ്. ആർ. നായർ, ദിനേശ് തമ്പി, ട്രഷറർ ബിബു പുന്നൂരാൻ, ജോ. സെക്രട്ടറി അൽജേഷ് ഖാലിദ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.