കൊച്ചി: ഭൂരിപക്ഷം ഇടവകാംഗങ്ങളുടെയും ആവശ്യം അംഗീകരിക്കാതെ പരിഷ്‌കരിച്ച കുർബാന അർപ്പിച്ചതിനെതിരെ നെടുമ്പാശേരി പ്രസന്നപുരം ഹോളി ഫാമിലി പള്ളിയിൽ പ്രതിഷേധം. പള്ളിക്ക് പുറത്ത് വിശ്വാസികൾ ധർണ്ണ നടത്തി വികാരിക്കെതിരെ പ്രതിഷേധിച്ചു.
സീറോമലബാർസഭാ സിനഡ് പരിഷ്കരിച്ച് കഴിഞ്ഞമാസം 28 മുതൽ നടപ്പാക്കിയ കുർബാനരീതി സ്വീകരിച്ച എറണാകുളം അങ്കമാലി അതിരൂപതയിലെ ഏക ഇടവക പള്ളിയാണ് പ്രസന്നപുരം. 28 നും കഴിഞ്ഞ ഞായറാഴ്ചയും പരിഷ്‌കരിച്ച കുർബാനയാണ് വികാരി ഫാ. സെലസ്റ്റിൻ ഇഞ്ചയ്ക്കൽ അർപ്പിച്ചത്.
ഇന്നലെയും ജനാഭിമുഖമായ പഴയ രീതി വേണമെന്ന് വിശ്വാസികളിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടെങ്കിലും വികാരി തയ്യാറായില്ല. പരിഷ്‌കരിച്ച കുർബാന തന്നെ സമർപ്പിക്കുമെന്ന് അറിയിച്ചതോടെയാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. പള്ളിക്കു പുറത്ത് പ്ളക്കാർഡുമായി വിശ്വാസികൾ ധർണ്ണ നടത്തി.
പത്തിൽ താഴെപ്പേർ മാത്രമാണ് കുർബാനയിൽ പങ്കെടുത്തത്. ഇവരിൽ രണ്ടുപേർ കന്യാസ്ത്രീകളുമാണ്. ബഹുഭൂരിപക്ഷം വിശ്വാസികളും ആവശ്യപ്പെട്ട ജനാഭിമുഖ കുർബാന അർപ്പിക്കാതെ ഏകാധിപത്യപരമായി വികാരി തീരുമാനിച്ചത് അംഗീകരിക്കില്ലെന്ന് വിശ്വാസികൾ പറഞ്ഞു.
പരിഷ്‌കരിച്ച കുർബാന അർപ്പിക്കുന്നതിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാൻ ഇളവ് നൽകിയിരുന്നു. ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ ഇക്കാര്യം വ്യക്തമാക്കി സർക്കുലർ മുഴുവൻ ഇടവകകൾക്കും നൽകിയിരുന്നു. പ്രസന്നപുരം ഒഴികെ അതിരൂപതയിലെ മുഴുവൻ ഇടവക പള്ളികളിലും പഴയ രീതിയിൽ ജനാഭിമുഖ കുർബാനയാണ് അർപ്പിക്കുന്നത്.