ചെറിയ ഡ്രഡ്ജർ എത്തിയെങ്കിലും നിർമ്മാണം തുടങ്ങിയില്ല
പറവൂർ: പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ടിന്റെ നിർമ്മാണം വൈകുന്നു. ചെറിയ ഡ്രഡ്ജർ കഴിഞ്ഞ ദിവസം എത്തിയെങ്കിലും നിർമ്മാണം തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ ഡിസംബറിന് മുമ്പ് ബണ്ട് നിർമ്മാണം ആരംഭിക്കാറുണ്ട്. ഇപ്പോൾ വെള്ളത്തിന് ഉപ്പുരസമായി. വേനൽ കടുത്തതോടെ പുഴയിൽ ഉപ്പിന്റെ തോത് കൂടിവരികയാണ്. ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് പുത്തൻവേലിക്കര കുടിവെള്ളപദ്ധതിയെയും പുത്തൻവേലിക്കരയിലും സമീപത്തുള്ള കുന്നുകര, പാറക്കടവ്, കൂഴൂർ, പൊയ്യ എന്നി പഞ്ചായത്തുകളിലെയും കൃഷിയെയും സാരമായി ബാധിക്കും. മണൽബണ്ട് നിർമ്മിക്കാനുള്ള ഡ്രഡ്ജർ മേജർ ഇറിഗേഷൻ വകുപ്പിന്റേതാണ്. കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ തകരാറുമൂലമാണ് എല്ലാ വർഷവും താത്കാലിക മണൽബണ്ട് കെട്ടുന്നത്. ഇതിനായി പ്രതിവർഷം 25 ലക്ഷം രൂപയോളം ചെലവുവരുന്നുണ്ട്. ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും അടിത്തട്ടിലൂടെ വെള്ളം ഒഴുകുന്നത് തടയാൻ സാധിച്ചിട്ടില്ല. മുൻകാലങ്ങളിൽ നവംബർ മദ്ധ്യത്തോടെ ബണ്ട് നിർമ്മാണം ആരംഭിക്കാറുണ്ട്. രണ്ട് ആഴ്ചകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാകും. ചെറിയ ഡ്രജർ ഉപയോഗിച്ച് ബണ്ട് നിർമ്മിച്ചാൽ ഇതിൽ കൂടുതൽ ദിവസമെടുക്കും. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡ്രഡ്ജർ തകരാറിലായതാണ് സ്വകാര്യ സ്ഥാപനത്തിന്റെ ചെറിയ ഡ്രഡ്ജർ ബണ്ട് നിർമ്മിക്കാൻ എത്തിയതെന്നാണ് അറിയുന്നത്. ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള ശാശ്വതപരിഹാരം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ ചോർച്ച പരിഹരിക്കുകയെന്നതാണ്. എന്നാൽ പലവട്ടം ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഷട്ടറുകളുടെ ചോർച്ച പൂർണ്ണമായും തടയാൻ സാധിച്ചിട്ടില്ല. വേലിയേറ്റ സമയത്ത് ഷട്ടറിന്റെ മുകളിലൂടെയാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്. ഇതു തടയാൻ ഷട്ടറുകളുടെ ഉയരം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ പുഴയിലെ ഒഴുക്ക് വർദ്ധിക്കുമ്പോൾ മണൽ കൊണ്ട് നിർമ്മിച്ച ബണ്ട് തനിയെ പൊട്ടുകയാണ് പതിവ്.