കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ചെങ്ങര നോർത്ത് വാർഡിൽ പൊത്താംകുഴിമലയുടെ ഭാഗത്ത് രാത്രിയെ മറയാക്കി മണ്ണുമാഫിയയുടെ വിളയാട്ടം. കാര്യമായി പൊതുജനശ്രദ്ധ എത്താത്ത മേഖലയാണിത്. കുമ്മനോട് പൂക്കോളമുക്ക് റോഡിൽ നിന്ന് കയറിയാണ് ഈ ഭാഗത്തേക്ക് എത്തുന്നത്. നാളുകളായി ഇവിടെ ഒരു മണ്ണെടുപ്പ് യന്ത്രമുണ്ട്. പാതിരാത്രി സമീപവാസികൾ ഉറങ്ങിയശേഷം വിവിധ സമയങ്ങളിലാണ് മണ്ണ് കടത്തുന്നത്. പരാതിയുമായി ആരെങ്കിലുമെത്തിയാൽ അതോടെ അന്നത്തെ മണ്ണെടുപ്പ് നിറുത്തി വയ്ക്കും. പരാതി ഇല്ലെങ്കിൽ പുലർച്ചെവരെ മണ്ണെടുപ്പ് തുടരും. ഇങ്ങനെ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടാണ് മണ്ണെടുപ്പ് തുടരുന്നത്. പഞ്ചായത്ത് നിർമ്മിച്ച പ്രദേശിക റോഡിലൂടെയാണ് മണ്ണെടുപ്പ് നടക്കുന്നത്. അമിത ഭാരംവഹിച്ചുള്ള ടിപ്പറുകളുടെ യാത്ര റോഡ് പൂർണ്ണമായും ഇല്ലാതാക്കി. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമാണിത്. ജനപ്രതിനിധികളോട് പരാതി പറഞ്ഞെങ്കിലും തടിയൂരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പുത്തൻകുരിശ് വടയമ്പാടി സ്വദേശിയുടെ സ്ഥലമാണിത്. ഇദ്ദേഹത്തോട് നാട്ടുകാർ പരാതി പറഞ്ഞെങ്കിലും മണ്ണെടുപ്പ് നിർത്താൻ തയ്യാറായിട്ടില്ല. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലടക്കം പരാതി പറഞ്ഞെങ്കിലും ഇതുവരെ ടിപ്പറുകൾ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മണ്ണുമാന്തി യന്ത്രം അവിടെ കിടപ്പുണ്ടെങ്കിലും അവർക്കെതിരെ നടപടി എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കിഴക്കമ്പലം പഞ്ചായത്ത് മുൻ അംഗമുൾപ്പടെ മണ്ണെടുപ്പിന്റെ പിന്നിലുണ്ടെന്നും ആക്ഷേപമുണ്ട്. പൊത്താംകുഴി മലയുടെ ഭാഗമായ ഇവിടെ മലതുരന്ന് തീരുന്നതോടെ രൂക്ഷമായ കുടിവെള്ളക്ഷാമമുണ്ടായേക്കാമെന്ന് ആശങ്കയുണ്ട്. കനത്ത വേനലിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്ന പ്രദേശമാണിത്. മണ്ണെടുപ്പ് തുടരുന്നത് അവശേഷിക്കുന്ന കുടിവെളള സ്രോതസുകളേയും ഇല്ലാതാക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.
രാത്രിയുടെ മറവിൽ നടക്കുന്ന അനധികൃത മണ്ണെടുപ്പ് അനുവദിക്കില്ല. ഇനി മണ്ണെടുപ്പ് തുടർന്നാൽ തടയും.
നിതമോൾ എം.വി,
കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ്