നെടുമ്പാശേരി: കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി സമഗ്രമായ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കുന്നുകര പഞ്ചായത്തിലെ വടക്കേ അടുവാശേരിയിൽ നിർമ്മാണം പൂർത്തിയാക്കിയ വനിതാ റസിഡൻഷ്യൽ ട്രെയിനിംഗ് സെന്ററിന്റെയും അംഗനവാടിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുന്നുകരയിൽ കുടിവെള്ള പദ്ധതിയ്ക്കായി സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന വിവിധ വാർഡുകളിലെ പ്രശ്‌നങ്ങൾ വലിയ അളവിൽ പരിഹരിക്കപ്പെടും. എന്നാൽ, കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് നഷ്ടപ്പെട്ടുപോയ നീരുറവകൾ വീണ്ടെടുക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി സമഗ്രമായ പദ്ധതി ആവശ്യമാണ്. തത്കാലം നിലവിലുള്ള തോടുകൾ ശുചീകരിച്ചിട്ടുണ്ട്. ഭൂഗർഭ ജലത്തിന്റെ നിലവിലെ ലഭ്യത എത്രയാണെന്ന് വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇറിഗേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുന്നുകര, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലാണ് ഇതുമായി ബന്ധപ്പെട്ട സർവേ നടത്തുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വെള്ളമൊഴുകിയിരുന്ന തോടുകൾ പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ശ്യാമപ്രസാദ് മുഖർജി അർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിബി പുതുശ്ശേരി, സിജി വർഗീസ്, കവിത വി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എം വർഗീസ്, സി.കെ കാസിം, പഞ്ചായത്തംഗങ്ങളായ യദു കൃഷ്ണൻ, പി.ജി. ഉണ്ണിക്കൃഷ്ണൻ, എ.ബി മനോഹരൻ, ജിജി സൈമൺ, മിനി പോളി, സുധ വിജയൻ, രമ്യ സുനിൽ, സെക്രട്ടറി ജയിൻ വർഗീസ് പാത്താടൻ, ഡി.എം.ഒ ജയശ്രീ, മെഡിക്കൽ ഓഫീസർ ഡോ. ടിന്റു തുടങ്ങിയവർ സംസാരിച്ചു.