മൂവാറ്റുപുഴ: സൂര്യാഘാതത്താൽ പകൽച്ചൂട് കൂടിവരുന്നതിനാൽ പറമ്പിലും പാടത്തും കെട്ടിയിട്ടിരിക്കുന്ന പശുക്കൾ വെയിലേറ്റ് വാടി തളരാതിരിക്കാൻ മൃഗങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്ന മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർ കുറച്ചൊന്ന് ശ്രദ്ധിച്ചാൽ അരുമകളെ സൂര്യാഘാതമേൽക്കാതെ സംരക്ഷിക്കാം. വളർത്തുമൃഗങ്ങൾക്ക് സൂര്യാഘാതം ഏൽക്കാതെ സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് നൽകുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കറവപ്പശുക്കൾക്ക് മാത്രമല്ല, കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങൾക്കും കൂട്ടിലിട്ടിരിക്കുന്ന പക്ഷികൾക്കും എപ്പോഴും ശുദ്ധജലം കുടിക്കാൻ ലഭ്യമാക്കിയിരിക്കണം.
കറവയുള്ള പശുക്കൾക്ക് വേനൽക്കാലത്ത് 60-80 ലിറ്റർ വെള്ളം വേണം. സാധാരണയിൽ നിന്നും ഇരട്ടിയോളം വെള്ളം നൽകണം.
ഫാമുകളിൽ ഓട്ടോമാറ്റിക് ബൗളിൽ വെള്ളം നൽകുന്നവർ ഓരോ കറവപ്പശുവും കുടിച്ച വെള്ളത്തിന്റെ അളവ് ഉറപ്പാക്കണം.
രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ തുറസായ സ്ഥലങ്ങളിലും പാടത്തും കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. തൊഴുത്തിനടുത്ത് തന്നെ തണലത്ത് കെട്ടിയിടാം.
തൊഴുത്തിനുള്ളിലെ അമിതമായ ആർദ്രത കുറയ്ക്കാൻ വായുസഞ്ചാരം വേണം. തൊഴുത്തിൽ ഫാൻ സൗകര്യം ഏർപ്പെടുത്തണം. വായുസഞ്ചാരം കൂട്ടുന്നതിനായി തൊഴുത്തിന് ചുറ്റും കെട്ടിയിട്ടിരിക്കുന്ന ഷീറ്റുകൾ / പടുതകൾ അഴിച്ച് മാറ്റണം.
തൊഴുത്തിൽ ക്രോസ്‌വെന്റിലേഷൻ ഉണ്ടാവണം. തൊഴുത്തിന്റെ പരിസരത്ത് തണൽമരം നടാം.
കാലിത്തീറ്റ രാവിലെ 8ന് മുമ്പും വൈകിട്ട് 4ന് ശേഷവും നൽകണം. വൈക്കോൽ രാത്രിയിലോ അതിരാവിലെയോ നൽകാവുന്നതാണ്. പച്ചപ്പുല്ല്, ഇലകൾ, ഈർക്കിലി മാറ്റിയ ഓല എല്ലാം ആവശ്യത്തിന് നൽകണം.
തണുപ്പിനൊപ്പം ആദായത്തിന് വഴിയൊരുക്കാം
വേനൽ തുടങ്ങുന്നതിന് മുമ്പ് പട്ടിക്കൂട്, ആട്ടിൻ കൂട്, കോഴിക്കൂട്, തൊഴുത്ത് എന്നിവയുടെ മുകളിൽ നെറ്റ് കെട്ടി മത്തൻ, കുമ്പളം, കോവൽ, പാഷൻ ഫ്രൂട്ട് എന്നിവ വളർത്താം. വളം വേണ്ടെന്ന് മാത്രമല്ല, തണുപ്പും ആദായവും ഒരുമിച്ചു കിട്ടുകയും ചെയ്യും. മഴ കനക്കുമ്പോൾ വെട്ടിമാറ്റാം. ഇഴജന്തുക്കളിൽ നിന്ന് രക്ഷ നേടാനായി തൊഴുത്തിന്റെ സൈഡ് വഴി പടർത്താതിരിക്കാൻ ശ്രദ്ധിക്കണം. കിളികൾക്കും അണ്ണാറക്കണ്ണന്മാർക്കും കുടിക്കാനായി പാത്രങ്ങളിൽ വെള്ളം വെക്കാൻ ശ്രദ്ധിക്കണം.
അരുമയിൽ കണ്ണ് വേണം
അരുമമൃഗങ്ങൾക്ക് അമിതമായ തളർച്ച, കിതപ്പ്, അണപ്പ്, തേങ്ങൽ, ഉമിനീരൊലിക്കൽ, വായിൽ നിന്നും നുരയും പതയും ഒലിക്കൽ, തീറ്റ തിന്നാൻ മടി എന്നിവ കണ്ടാൽ തൊട്ടടുത്ത സർക്കാർ മൃഗാശുപത്രിയിൽ വിവരമറിയിക്കണം