വൈപ്പിൻ: സ്വപ്‌നത്തിൽപ്പോലും വന്നിട്ടില്ലാത്ത തികച്ചും വേറിട്ടൊരു അനുഭവമാണ് ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായ കവികളുടെ കൂട്ടായ്മയും 75 കവിതകളുടെ ആലാപനവുമെന്ന് എഴുത്തുകാരി പ്രൊഫ. മ്യൂസ് മേരി ജോർജ്. വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി മുപ്പതോളം ഇന്ത്യൻ, വിദേശ ഭാഷകളിൽ ഭാരതാംബയെ വന്ദനം ചെയ്യുന്ന 75 കവിതകൾ ഒറ്റദിവസം നാലു സെഷനുകളിലായി ആലപിക്കുന്ന 'ഭാരതവന്ദനം' കവിയരങ്ങ് ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എഴുത്തുകാരി.
ഫെസ്റ്റുമായി സഹകരിച്ച് ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷനായി. കവി എസ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾമുറ്റം വ്യാസ് കോളേജ് ഡയറക്ടർ ഫാ. ഫെലിക്‌സ് ചക്കാലക്കൽ, പറവൂർ എസ്.എൻ.വി. സ്‌കൂൾ മാനേജർ ഹരി വിജയൻ, ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറം പ്രസിഡന്റ് ഷൈൻ ആന്റണി, ജനറൽ സെക്രട്ടറി അഡ്വ. കെ. എസ്. ജിജോ, സ്‌പോർട്‌സ് ഫോറം പ്രസിഡന്റ് ഡോ. സജീവ് ജോസ്, ഭാരതവന്ദനം കൺവീനർമാരായ ശരത് എസ്. ബാവക്കാട്ട്, ജിബി ദീപക്, ഫെസ്റ്റ് കോ ഓർഡിനേറ്റർ ബോണി തോമസ്, ജനറൽ കൺവീനർ എ. പി. പ്രനിൽ, ഫ്രാഗ് പ്രസിഡന്റ് അഡ്വ. എ. ബി. സാബു എന്നിവർ പങ്കെടുത്തു.
കവിസംഗമത്തിൽ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ആർ. എൽ. ഭാസ്‌കർ, അയ്‌മനം രവീന്ദ്രൻ, പ്രകാശ് ചെന്തളം, പറവൂർ ബാബു, നിറ്റു ആൻ തോമസ്, തുളസിദാസ് എന്നിവരുൾപ്പെടെ 90 പേർ പങ്കെടുത്തു. മലയാള കവിതകൾക്ക് പുറമെ ഹിന്ദി, ഇംഗ്ലീഷ്, ചൈനീസ്, ജർമ്മൻ, ഫ്രഞ്ച്, അറബിക്, റാവൂല, തമിഴ്, അസമീസ്, കന്നഡ, ഒഡീസി, കൊങ്കണി, തുളു, റാവുല, മറാത്തി, ഗുജറാത്തി, സംസ്‌കൃതം, ഛത്തീസ്ഗഡ്, ഹിമാചൽ, ബംഗാളി തുടങ്ങി മുപ്പത് ഭാഷകളിൽ നിന്നുള്ള കവിതകളും ആലപിച്ചു.