temple
തിരുവൈരാണിക്കുളം പാർവ്വതി ദേവിക്ക് ചാർത്താനുള്ള തിരുവാഭരണം ട്രസ്റ്റ് പ്രസിഡൻ്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാടും സെക്രട്ടറി കെ.എ.പ്രസൂൺ കുമാറും ചേർന്ന് ഏറ്റുവാങ്ങുന്നു.

കാലടി: ഭക്തർക്ക് കാരുണ്യ കടാക്ഷം ചൊരിഞ്ഞ് തിരുവൈരാണിക്കുളത്ത് ശ്രീപാർവ്വതീദേവിയുടെ തിരുനട തുറന്നു. നടതുറപ്പ് ചടങ്ങുകൾക്ക് തുടക്കം കുറിച്ച് ഇന്നലെ വൈകിട്ട് അകവൂർ മന ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്ന് അകവൂർ ശങ്കരൻ നമ്പൂതിരിപ്പാട് ദീപം പകർത്തി.

ദേവിക്കു ചാർത്താനുള്ള തിരുവാഭരണങ്ങൾ അകവൂർ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, നീരജ്കൃഷ്ണ എന്നിവരിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺകുമാർ, മാനേജർ എം.കെ. കലാധരൻ എന്നിവർ സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളോടെ പുറപ്പെട്ട ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം മേൽശാന്തി ദീപവും തിരുവാഭരണവും ഏറ്റുവാങ്ങി. ദേവിക്കു പട്ടുടയാടയും ആരഭണങ്ങളും അണിയിച്ച് ദീപാലങ്കാരങ്ങൾ പൂർത്തിയായെന്ന അറിയിച്ചതിനെ തുടർന്ന് നടതുറന്നു.

ക്ഷേത്ര ഊരാഴ്മക്കാരായ അകവൂർ വെടിയൂർ, വെൺമണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാർ തിരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ ശ്രീപാർവ്വതീദേവിയുടെ പ്രിയതോഴിയായി സങ്കൽപ്പിക്കപ്പെടുന്ന പുഷ്പ്പിണിയും നടയ്ക്കൽ സന്നിഹിതരായിരുന്നു.

നടതുറപ്പിന്റെ 12 നാളുകളിൽ ശ്രീകോവിൽ രാത്രിയും തുറന്നിരിക്കും. പുലർച്ചെ ദർശനത്തിനു മുന്നോടിയായി ദേവിയെ ശ്രീകോവിലിലേക്ക് തിരിച്ച് എഴുന്നള്ളിക്കും. ഡിസംബർ 30 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് സംവിധാനം വഴി ഭക്തർക്ക് ദർശനം നടത്താം.