മൂവാറ്റുപുഴ: മുറിക്കൽ ബൈപ്പാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാതപഠനം ആരംഭിച്ചതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. സർക്കാർ നിയോഗിച്ച കളമശേരി രാജഗിരി ഔട്ട് റീച്ചാണ് പഠനം നടത്തുന്നത്. ജനുവരി അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കും. ഏറ്റെടുക്കേണ്ട സ്ഥലം ഉടമകളുടെ പൊതു അഭിപ്രായ രൂപീകരണം നടത്തും. ഇവരുടെ പരാതികൾകേട്ട് അതിനുള്ള നിർദ്ദേശങ്ങൾകൂടി അടങ്ങിയ അവസാന റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിക്കുന്നത്. സർവേ നടപടികളും തുടരുകയാണ്. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നടപടിക്രമങ്ങൾ ജനുവരി മദ്ധ്യത്തോടെ പൂർണമായും റവന്യൂവകുപ്പ് പൂർത്തീകരിക്കും. ഇത് സംബന്ധിച്ച് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ആർ.എഫ്.ബി എക്‌സിക്യുട്ടീവ് എൻജിനിയർ മിനി മാത്യു, റവന്യൂ, സർവേ വകുപ്പ് ഉദ്യോഗസ്ഥർ, രാജഗിരി ഔട്ട് റീച്ച് പ്രോജക്ട് ഡെവലപ്പ്‌മെന്റ് ഓഫീസർ സി.പി. ബിജു തുടങ്ങിയവർ പങ്കെടുത്തു.