കോലഞ്ചേരി: കെ.എസ്.ആർ.ടി.സി ട്രിപ്പ് വെട്ടിക്കുറച്ചതോടെ പെരുമ്പാവൂർ കാഞ്ഞിരമറ്റം റൂട്ടിലെ യാത്രക്കാർ പ്രതിഷേധത്തിൽ. 41 വർഷമായി പെരുമ്പാവൂരിൽ നിന്ന് കാഞ്ഞിരമറ്റത്തേക്ക് നടത്തുന്ന സർവീസാണ് സിംഗിൾ ഡ്യൂട്ടിയുടെ പേരിൽ വെട്ടിക്കുറച്ചത്. രാവിലെയും വൈകിട്ടുമാണ് ഈ ബസ് സർവീസ് ഉണ്ടായിരുന്നത്.
രാവിലെ ആറിന് പെരുമ്പാവൂരിൽ നിന്ന് പുറപ്പെട്ട് 7.20ന് അരയൻകാവിലെത്തും. തുടർന്ന് 7.30ന് പെരുമ്പാവൂരിലേക്ക് തിരിക്കും. വൈകിട്ട് 5.35ന് പെരുമ്പാവൂരിൽനിന്ന് പുറപ്പെടുന്ന ബസ് ഏഴരയോടെ കാഞ്ഞിരമറ്റത്തെത്തി ഏഴേമുക്കാലോടെ തിരിച്ച് പെരുമ്പാവൂർക്ക് പോവുകയായിരുന്നു പതിവ്. ഇതിൽ വൈകിട്ടുള്ള ട്രിപ്പാണ് വെട്ടിക്കുറച്ചത്. പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ജോലിക്കാർ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഈ ബസിനെ ആശ്രയിച്ചിരുന്നത്. രാവിലെ പോകുന്നവരിൽ ഭൂരിപക്ഷവും വൈകിട്ടുള്ള ബസിലാണ് തിരിച്ചെത്തിയിരുന്നത്. ഈ ട്രിപ്പ് പുത്തൻകുരിശ് വരെയാക്കിയതോടെ നിരവധി യാത്രക്കാർ പ്രതിസന്ധിയിലായി. സ്ഥിരം യാത്രക്കാരുള്ളതിനാൽ ഈ സർവീസുകൾ ലാഭകരമായിരുന്നുവെന്നും റദ്ദാക്കുന്നത് കോർപ്പറേഷനും പൊതുജനങ്ങൾക്കും ഒരുപോലെ ദോഷകരമാവുമെന്നും സ്ഥിരംയാത്രക്കാർ പറയുന്നു.
പാരയായത് ഡ്യൂട്ടി പരിഷ്കരണം
വർഷങ്ങളായി മുടങ്ങാത്ത ലാഭകരമായ സർവീസാണ് ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ പേരിൽ ഇല്ലാതാക്കുന്നത്. ജില്ലയുടെ വടക്കൻ മേഖലയിലുള്ള പെരുമ്പാവൂരിനെയും തെക്കേ അറ്റത്തുള്ള ആമ്പല്ലൂരിനെയും ബന്ധിപ്പിക്കുന്ന സർവീസിന്റെ പ്രാധാന്യംപോലും പരിഗണിക്കാതെയാണ് നടപടിയെന്നാണ് ആക്ഷേപം. പെരുമ്പാവൂർ ഡിപ്പോയിലെ മറ്റൊരു സർവീസിനും ബാധകമാക്കാത്ത ഡ്യൂട്ടിപരിഷ്‌കരണം കാഞ്ഞിരമറ്റം സർവീസിനു മാത്രം ബാധകമാക്കിയത് ജനവിരുദ്ധ നിലപാടാണെന്നും യാത്രക്കാർ പറയുന്നു. കൊവിഡ് കാലത്തെ കളക്ഷൻകുറവ് പരിഹരിച്ച് വരുന്നതുനാടയിലാണ് ട്രിപ്പ് വെട്ടിക്കുറയ്ക്കുന്നത്.
നേരത്തെ രാവിലെ കാഞ്ഞിരമറ്റം വരെയുണ്ടായിരുന്ന സർവീസ് യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് അരയൻകാവ് വരെയാക്കിയത്. ഇതോടെ കളക്ഷൻ വർദ്ധിച്ചിരുന്നു. വൈകിട്ടത്തെ ട്രിപ്പും അരയൻകാവ് വരെയാക്കണമെന്ന നിർദേശം ഉയരുന്നതിനിടെയാണ് പുത്തൻകുരിശിൽ അവസാനിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.