
കൊച്ചി: താരസംഘടനയ്ക്ക് ഭൂമി നൽകാമെന്നു പറഞ്ഞ് താൻ കബളിപ്പിച്ചതായി നടൻ സിദ്ദിഖ് നടത്തിയ പ്രസ്താവനയ്ക്കെതിരെ അമ്മയ്ക്ക് പരാതി നൽകുമെന്ന് നടനും നിർമ്മാതാവുമായ നാസർ ലത്തീഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്റെയും ഭാര്യയുടെയും പേരിൽ ആലപ്പുഴ എഴുപുന്നയിലുള്ള 20 സെന്റ് ഭൂമി ഭവന രഹിതരായ അംഗങ്ങൾക്ക് വീട് വച്ചു കൊടുക്കാൻ സൗജന്യമായി നൽകാമെന്ന് അറിയിച്ചിരുന്നു. തുടർ നടപടികൾ സംഘടനാ ഭാരവാഹികൾ കൈക്കൊണ്ടില്ല. നടൻ ബാബുരാജുമായി പലവട്ടം ചർച്ച നടത്തിയിട്ടും ഭൂമി ഏറ്റെടുത്തില്ല. തുടർന്ന് ഭൂമി മറ്റു ഭവന രഹിതർക്ക് രണ്ടു സെന്റ് വീതം സൗജന്യമായി നൽകി. ഇവിടെ നാലു വീടുകളുടെ പണി പൂർത്തിയായി.
അമ്മ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചതിന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തിയത് തന്നെ അപമാനിക്കാനാണെന്നും നാസർ പറഞ്ഞു.