
മട്ടാഞ്ചേരി: ശരീരസൗന്ദര്യ മത്സരത്തിൽ നാടിന്റെ അഭിമാനമായി മാറുകയാണ് അമരാവതി ഭഗവതി പറമ്പിൽ ആർ.എസ്.അനിൽകുമാർ - ആശ ദമ്പതികളുടെ മകൻ അശ്വിൻ ഷെട്ടി. കഴിഞ്ഞ മൂന്നുതവണയായി മിസ്റ്റർ ഇന്ത്യൻ റെയിൽവേയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അശ്വിൻ ചെന്നൈയിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻ ഒഫ് ചാമ്പ്യൻ പട്ടവും കരസ്ഥമാക്കി. ഈപട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ മലയാളിയാണ് അശ്വിൻ. ബോഡി ബിൽഡിംഗിൽ മൂന്നുതവണ മിസ്റ്റർകേരളയായി തിരഞ്ഞെടുക്കപ്പെട്ട അശ്വിൻ ഒരോതവണ വീതം മിസ്റ്റർ ഇന്ത്യാ, മിസ്റ്റർ സൗത്ത് ഇന്ത്യയായും തിരഞ്ഞെടുത്തിട്ടുണ്ട്. തുടർച്ചയായി നാലുതവണ മിസ്റ്റർ മഹാത്മാഗാന്ധി സർവകലാശാലയായിരുന്നു. ഒരു പ്രാവശ്യം മിസ്റ്റർ ഇന്റർവാഴ്സിറ്റിയായും തിരഞ്ഞെടുത്തു.
റെയിൽവേയിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്ന അശ്വിൻ മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽ
എം.എം.സലീമിന്റെ കീഴിലാണ് ബോഡി ബിൽഡിംഗ് പരിശീലനം ആദ്യം തുടങ്ങിയത്. മിസ്റ്റർ ഏഷ്യാ അനസ് ഹുസൈനാണ് നിലവിലെ പരിശീലകൻ. ഏകസഹോദരി അശ്വതിയും അറിയപ്പെടുന്ന കായിക താരമാണ്. കുറാഷ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലമെഡൽ നേടിയിട്ടുള്ള അശ്വതി ദേശീയ ഇന്ത്യൻ സ്റ്റൈൽ ഗുസ്തി മത്സരത്തിൽ കേരളത്തിനു വേണ്ടിയും വെങ്കലം കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി യോഗാസന മത്സരത്തിൽ സ്വർണ്ണമെഡൽ ജേതാവു കൂടിയാണ്. മിസ്റ്റർ വേൾഡ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരുസ്വർണം നേടണമെന്നതാണ് അശ്വിന്റെ ആഗ്രഹം. ഇതിനായുള്ള കഠിനപരിശീലനത്തിലാണ് അശ്വിൻ.