കളമശേരി: ഫാക്ട് മാനേജുമെന്റ് വാക്കുപാലിച്ചില്ലെന്നാരോപിച്ച് ഏലൂർ നഗരസഭ കൗൺസിൽ യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി. 17,18, വാർഡുകളിൽ ഉൾപ്പെടുന്ന ഫാക്ട് ക്വാർട്ടേഴ്സുകളിൽ വാടകയ്ക്ക് താമസിക്കുന്നവരോട് 2022 മാർച്ച് 31ന് മുമ്പ് വീട് ഒഴിഞ്ഞു പോകാൻ നോട്ടീസ് കൊടുത്തിരിക്കുകയാണ്. മഹാമാരിയുടെ കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരും നിത്യരോഗികളും അവശരും കൂട്ടത്തിലുള്ളതിനാൽ മാനേജ്മെന്റുമായ് മുമ്പ് നടന്ന ചർച്ചയിൽ രണ്ടു വർഷത്തെ സാവകാശം അനുവദിച്ചിരുന്നതായ് നഗരസഭ ചെയർമാൻ പറഞ്ഞു. ക്വാർട്ടേഴ്സുകൾ വഴികടന്നു പോകുന്ന സ്കൂൾ ബസുകൾ സി.ഐ.എസ്.എഫിനെ ഉപയോഗിച്ച് തടയുന്നതും പ്രമേയത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഫാക്ട് മാനേജ്മെന്റ് വാക്കുപാലിക്കണമെന്നും ദുരിതക്കാലത്ത് മാനുഷികപരിഗണന കാണിച്ച് കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെയർമാൻ എ .ഡി.സുജിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം.ഷെനിൻ അവതരിപ്പിച്ച പ്രമേയം കൗൺസിലർ പി.ബി.ഗോപിനാഥ് പിൻതാങ്ങി.
അതേസമയം, ഫാക്ടിന്റെ ക്വാർട്ടേഴ്സുകളിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് വീട് ഒഴിയുന്നതിനുവേണ്ടി 2019 മുതൽ പല തവണയായി തീയതി നീട്ടി കൊടുത്തതാണെന്നും 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടങ്ങളായതിനാൽ സുരക്ഷയെ കരുതിയാണ് ഒഴിപ്പിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.