df

കൊച്ചി: ഡേറ്റാ ചോർത്തൽ മുതൽ സെർവറുകളുടെ നിയന്ത്രണം നഷ്ടമാകുന്നതു വരെയുള്ള സൈബർ സുരക്ഷാ ഭീഷണിയിലാണ് ലോകം. പെട്ടെന്ന് തിരിച്ചറിയാനാവാത്ത ഭീഷണി വൻകിട കമ്പനികൾക്ക് തലവേദനയായി. ഇന്ത്യയിലും ഭീതി പെരുകുകയാണ്.

ലോകമെങ്ങുമുള്ള കമ്പനികൾ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഗ് 4 ജെ എന്ന ഓപ്പൺ സോഴ്സ് ലൈബ്രറിയിലെ (കോഡ്) ലോഗ് ഷെല്ലിൽ സംഭവിച്ച പിഴവാണ് ഡിജിറ്റൽ സംവിധാനങ്ങൾക്ക് ഭീഷണിയാകുന്നത്. പിഴവ് ഹാക്കർമാർ മുതലാക്കുന്നതാണ് വെല്ലുവിളി. ബഹുരാഷ്ട്ര കമ്പനികളും ബാങ്കുകളും സർക്കാരുകളും ഹാക്കിംഗ് ഭീതിയിലാണ്. ഡിജിറ്റൽ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ ജാവാ അധിഷ്ഠിത ലോഗ് 4ജെ ലൈബ്രറിയുടെ ഉപയോക്താക്കളാണ്. സൗജന്യമായി ലഭിക്കുന്നതിനാൽ ഡെവലപ്പർമാർ സോഫ്റ്റ്‌വെയർ കോഡുകളിൽ ലോഗ് 4 ജെ ഉപയോഗിച്ചിട്ടുണ്ട്. ഒരു സ്ഥാപനം വികസിപ്പിച്ച സോഫ്റ്റ്‌വെയർ, ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ, ക്ലൗഡ് സേവനം എന്നിവയിൽ പലതിലും ലോഗ് 4 ജെ ഉണ്ടാകാം.

ഈ മാസം ആദ്യമാണ് ഹാക്കിംഗ് കണ്ടെത്തിയത്. ഹാക്കർമാ‌ർ ഇതിനു പിന്നിലുണ്ടെന്ന് ഐ.ടി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പല കമ്പനികളുടേയും സെർവർ നിയന്ത്രണം ഹാക്കർമാർ പിടിച്ചതായാണ് സൂചനകൾ. കമ്പനികൾ ഹാക്കർമാരെ ചെറുക്കാൻ തുടങ്ങിയെങ്കിലും അതുവരെയുള്ള വിവരങ്ങൾ നഷ്ടമാകുമെന്നാണ് ആശങ്ക. ചൈന, ഇറാൻ, ഉത്തരകൊറിയ, തുർക്കി എന്നിവിടങ്ങളിൽ ഹാക്ക‌ർമാ‌ർ ആക്രമണം തുടങ്ങിയതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു.

 പിടിമുറുക്കി ഹാർക്കർമാർ

ഹാക്ക‌ർമാർ ഏതുവിധത്തിൽ പ്രവർത്തിക്കുമെന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഡേറ്റ മോഷണം, ഡേറ്റ ചോർത്തി ഭീഷണിപ്പെടുത്തി പണം തട്ടൽ, വെബ്സൈറ്റുകൾ കൈവശപ്പെടുത്തി സ്പർദ്ധ സൃഷ്ടിക്കുക എന്നിവയാണ് ഹാക്കർമാർ ചെയ്യാറുള്ളത്. ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, സിസ്കോ, ഐ.ബി.എം, ആമസോൺ തുടങ്ങിയ കമ്പനികൾ ലോഗ് 4 ജെ ഉപയോഗിക്കുന്നുണ്ട്. വരും നാളുകളിൽ ഇതിന്റെ പരിണിതഫലം എന്താകുമെന്ന ആശങ്കയിലാണ് ഐ.ടി രംഗത്തുള്ളവർ.

 ആപ്ലിക്കേഷനുകൾ വികസിപ്പിച്ച ഡെവലപ്പർമാർ ഇപ്പോൾ കമ്പനികളിൽ ഉണ്ടാകണമെന്നില്ല. മറ്റു കമ്പനികളിൽ ചേർന്നിരിക്കും. കോഡ് തിരുത്തി മാറ്റംവരുത്താൻ സമയം വേണ്ടിവരും. ഏതിലൊക്കെ ലോഗ് 4 ജെ ഉണ്ടെന്ന് കണ്ടെത്തി പരിഹരിക്കുക എളുപ്പമല്ല. ഏതൊക്കെ കമ്പനികളുടെ സോഫ്റ്റ്‌വെയ‌ർ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് രണ്ടാഴ്ചകകം പുറത്തുവന്നേക്കും.

സുനിൽ വർക്കി

വൈസ് പ്രസിഡന്റ്

ഫോർസ് സ്കൗട്ട് (സൈബർ സുരക്ഷാ കമ്പനി)