
കൊച്ചി: ഫർണിച്ചർ സ്ഥാപന ഉടമകളായ സഹോദരന്മാരെ നൂറനാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചെന്ന ഹർജിയിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടി. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് സഹോദരന്മാരെ റിമാൻഡ് ചെയ്ത സംഭവത്തിലൂടെ പൊലീസ് ജുഡിഷ്യൽ സംവിധാനത്തെ പരിഹസിച്ചതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശികളായ ഷാൻമോനും സജിൻ രജീബും നൽകിയ ഹർജിയിൽ എതിർകക്ഷികളായ എസ്.ഐയടക്കം പൊലീസുകാർക്ക് നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഹർജി ഡിസംബർ 23ന് വീണ്ടും പരിഗണിക്കും.
നൂറനാട് ചുനക്കര സ്വദേശിക്കു ഫർണിച്ചർ വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് തങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചെന്നും ഇതു മൊബൈലിൽ പകർത്തിയതിനെത്തുടർന്ന് പകപോക്കാൻ കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്തെന്നുമാണ് ഹർജിക്കാരുടെ വാദം. മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. നൂറനാട് എസ്.ഐ വി.ആർ. അരുൺ കുമാർ, പൊലീസുകാരായ ഷാനവാസ്, ശ്രീകുമാർ, റജികുമാർ, മനോജ് തുടങ്ങിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.