
കൊച്ചി: ആറ്റിങ്ങലിൽ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തി അപമാനിച്ചെന്ന ഹർജിയിൽ കുട്ടിയ്‌ക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ നിലപാട് മാറ്റത്തെ വിമർശിച്ച സിംഗിൾബെഞ്ച് ഹർജി വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. പൊലീസിന്റെ പക്കലുള്ള സംഭവത്തിന്റെ വീഡിയോ ദൃശ്യം ഹാജരാക്കണം.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് എട്ടു വയസുകാരി പിതാവ് മുഖേന നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് മൊബൈൽ കാണാനില്ലെന്നു പറഞ്ഞ്
പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്.
നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് എത്ര രൂപ നഷ്ടപരിഹാരമായി നൽകാനാവുമെന്ന് സർക്കാർ അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡി. പബ്ളിക് പ്രോസിക്യൂട്ടർ അറിയിച്ചത്. വാദത്തിൽ അതൃപ്തി രേഖപ്പെടുത്തിയ സിംഗിൾബെഞ്ച് സർക്കാരിന്റെ നിലപാടു മാറ്റത്തെ വിമർശിച്ചു.
ആരോപണ വിധേയയായ ഉദ്യോഗസ്ഥയുടെ മൊഴിയിൽ നിന്ന് വ്യത്യസ്തമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഐ.ജിയുടെ റിപ്പോർട്ടെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. കുട്ടിയെ അപമാനിച്ചെന്ന നിലപാടാണ് സർക്കാരിനെന്നാണ് ഇതുവരെ കരുതിയത്. അങ്ങനെയല്ലെങ്കിൽ ഹർജി വിശദമായി പരിശോധിക്കേണ്ടതുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഐ.ജി വീഡിയോ ദൃശ്യങ്ങൾ കണ്ടതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ആ ദൃശ്യങ്ങൾ ഹാജരാക്കണം - സിംഗിൾബെഞ്ച് പറഞ്ഞു. ബാലാവകാശ കമ്മിഷന്റെയും എസ്.സി - എസ്. ടി കമ്മിഷന്റെയും കണ്ടെത്തലുകൾക്ക് വിരുദ്ധമാണ് സർക്കാർ നിലപാടെന്ന് ഹർജിക്കാരിയുടെ അഭിഭാഷക വ്യക്തമാക്കി.
കുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടില്ല: സർക്കാർ
കുട്ടിയെയോ പിതാവിനെയോ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊലീസ് ഉദ്യോഗസ്ഥ പെരുമാറിയിട്ടില്ല
കുട്ടിയുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല
അതിനാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല
പൊലീസ് ഉദ്യോഗസ്ഥ ചോദ്യം ചെയ്തതുകൊണ്ടല്ല, ആളു കൂടിയതുകൊണ്ടാണ് കുട്ടി കരഞ്ഞത്
കുട്ടിയുടെയും പിതാവിന്റെയും ജാതി സംഭവം നടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥക്ക് അറിയില്ലായിരുന്നു
അതിനാൽ എസ്.സി - എസ്.ടി ആക്ട് പ്രകാരമോ ബാലാവകാശ നിയമപ്രകാരമോ നടപടി സാദ്ധ്യമല്ല
പൊലീസ് ഉദ്യോഗസ്ഥ മോശമായ ഭാഷ പ്രയോഗിച്ചിട്ടില്ല
കുട്ടിയെ വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ ആയ വാക്കുകൾ പ്രയോഗിച്ചിട്ടില്ല
പൊലീസുകാരിൽ നിന്നുള്ള മാന്യമായ പെരുമാറ്റം ഉണ്ടായില്ലെന്നതു മാത്രമാണ് ഉദ്യോഗസ്ഥക്കെതിരായ കുറ്റം
അതിനാൽ സ്ഥലം മാറ്റുകയും നല്ല നടപ്പ് പരിശീലനത്തിന് അയക്കുകയും ചെയ്തു
ഇതിനപ്പുറം പൊലീസ് ഉദ്യോഗസ്ഥക്ക് ശിക്ഷ നൽകേണ്ടതില്ല
നഷ്ടപരിഹാരം നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും