കൊച്ചി: വേറിട്ട കാഴ്ചകളും വിഭവങ്ങളുമായി ചേരാനല്ലൂർ ബ്ലൂ ബസാർ ഷോപ്പിംഗ് വില്ലേജിൽ ചേരാനല്ലൂർ വില്ലേജ് ടൂറിസം ആൻഡ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. 31വരെ നീളുന്നഫെസ്റ്റിൽ കുതിരവണ്ടി, കാളവണ്ടി, കുതിര സവാരികളും പൂയംകുട്ടി വനമേഖലകളിൽ നിന്നുള്ള ആദിവാസി വിഭാഗങ്ങൾ തയ്യാറാക്കിയിട്ടുള്ള ഏറുമാടവും കുടിലുകളും ഉൾപ്പെടെയുണ്ട്. പക്ഷിമൃഗാദികളുടെ പ്രദർശനം, അമ്യൂസ്‌മെന്റ് പാർക്ക് ഫെസ്റ്റിവൽ, ഫുഡ്ഫെസ്റ്റിവൽ, താറാവുമുതൽ നാടൻപുഴ മത്സ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പന, പരമ്പരാഗത കലാരൂപങ്ങളായ ചവിട്ടുനാടകം, നാടൻപാട്ട്, തീചാമുണ്ഡി തെയ്യം, കളരിപ്പയറ്റ് തുടങ്ങിയവയുടെ ദൃശ്യാവിഷ്‌കാരം, അഖിലകേരള വടംവലി മത്സരം, കുടുംബശ്രീ കലാമേള, സ്ത്രീകളുടെ വടംവലി, പാചക, തീറ്റമത്സരം എന്നിവ ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെയും എറണാകുളം ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെ നടക്കുന്ന ഫെസ്റ്റിന് നേതൃത്വം നൽകുന്നത് ചേരാനല്ലൂർ പഞ്ചായത്താണ്. ജില്ലയിലെ ടൂറിസം സാദ്ധ്യതകൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന ഫെസ്റ്റിൽ മന്ത്രിമാരും ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തുമെന്ന് ടി.ജെ. വിനോദ് എം.എൽ.എയും ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷും പറഞ്ഞു. ടൂറിസം ഫെസ്റ്റ് ചീഫ് കോ ഓർഡിനേറ്റർ കെ.വി. രാജശേഖരൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.കെ. ശശിനാഥ്, ബ്ലൂ ബസാർ ഷോപ്പിംഗ് വില്ലേജ് മാനേജിംഗ് ഡയറക്ടർ പോൾ ബാവേലി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.