
മരട്: നടി പാർവതി തിരുവോത്തിനെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ കൊല്ലം സ്വദേശി അഫ്സലിനെ (34) മരട് പൊലീസ് അറസ്റ്റ് ചെയ്തു. സമ്മാനങ്ങളും ഭക്ഷണവിഭവങ്ങളുമായി നടിയുടെ താമസസ്ഥലങ്ങളിൽ ചെന്ന് ശല്യം ചെയ്തതിനെ തുടർന്നാണിത്.
2017ൽ ഇയാൾ ബംഗളൂരുവിൽ വച്ച് നടിയെ പരിചയപ്പെട്ടിരുന്നു. 2020ൽ കോഴിക്കോട്ടെ വീട്ടിൽ സമ്മാങ്ങളുമായി ചെന്നു. എതിർപ്പ് അറിയിച്ച ശേഷവും കഴിഞ്ഞ ദിവസം വൈറ്റിലയിൽ പാർവതി താമസിച്ച ഫ്ളാറ്റിലും ഇയാൾ എത്തി. ഫോൺ വിളികളും ഉണ്ടായിരുന്നു. തുടർന്നാണ് മരട് പൊലീസിൽ പരാതി എത്തിയത്.
വിവാഹിതനും ബിസിനസുകാരനുമാണ് അഫ്സൽ. പരാതിയെ തുടർന്ന് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ നടന്ന് ശല്യം ചെയ്തതിന് ഐ.പി.സി 354 ഡി വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.