
പള്ളുരുത്തി: കൊച്ചിയിൽ വേലിയേറ്റംമൂലം ദുരിതം അനുഭവിക്കുന്നവരെ സംരക്ഷിക്കാൻ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് സമിതി ജില്ലാകളക്ടർക്ക് ഭീമഹർജി നൽകി. 350ഓളം കുടുംബങ്ങൾ ഒപ്പിട്ട പരാതിയാണ് സമർപ്പിച്ചത്. പള്ളുരുത്തി, കുമ്പളങ്ങി, ഇടക്കൊച്ചി മേഖലകളിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു. കടേഭാഗം പ്രദേശത്തെ വേലിയേറ്റം തടയാൻ വ്യാസപുരം, എസ്.പി പുരം, ബിന്നി കമ്പിനിക്കു സമീപത്തെ തോട് എന്നിവിടങ്ങളിൽ ചീപ്പ് സ്ഥാപിക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. എം.എൽ.എ, എം.പി, ഡിവിഷൻ കൗൺസിലർ എന്നിവർക്കും നിവേദനത്തിന്റെ കോപ്പി സമർപ്പിച്ചിട്ടുണ്ട്.