ആലുവ: ഗതാഗതകുരുക്ക് നിറഞ്ഞ പുക്കാട്ടുപടി കവലയിലെ ഗതാഗത പരിഷ്കാരത്തിന് എടത്തല ഗ്രാമപഞ്ചായത്തിന്റെ പച്ചക്കൊടി. നേരത്തെ രണ്ട് പഞ്ചായത്ത് അംഗങ്ങൾ വിളിച്ചുചേർത്ത സർവകക്ഷിയോഗം ജനുവരി ഒന്ന് മുതൽ പരിഷ്കാരത്തിന് തീരുമാനിച്ചെങ്കിലും പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷം കൂടുതൽ ചർച്ച വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയപ്പോൾ അനിശ്ചിതത്വത്തിലാകുകയായിരുന്നു.
ഇതേത്തുടർന്ന് ഇന്നലെ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം വിപുലമായ സർവകക്ഷിയോഗം വീണ്ടുംവിളിച്ചാണ് പരിഷ്കാരത്തിന് അന്തിമരൂപം നൽകിയത്. ജനുവരി ഒന്നുമുതൽ മൂന്നുമാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് പരിഷ്കാരമെന്ന് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ അറിയിച്ചു. പ്രസിഡന്റ് അദ്ധ്യക്ഷയായി മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു.
കവലയിൽ വൺവേ സമ്പ്രദായം
ഓട്ടോറിക്ഷകൾ ബൈപ്പാസ് റോഡിൽ നിലവിലുള്ള സ്ഥലത്തുനിന്ന് മാറി ആലുവ ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ കിഴക്കുവശം പാർക്ക്ചെയ്യണം.
എറണാകുളത്ത് നിന്നുവരുന്ന പെരുമ്പാവൂർ, കോതമംഗലം ഭാഗത്തേക്കുള്ള ബസുകൾ ബൈപ്പാസിൽ സെന്റ് ജോർജ് സ്‌കൂളിന് സമീപം യാത്രക്കാരെ ഇറക്കി വയർറോപ്പുവഴി പോകും. ആലുവ ഭാഗത്തുനിന്ന് വരുന്ന ബസുകളുടെ സ്റ്റോപ്പ് കെ.എൽ.എം ആക്‌സിവ ഫിൻവെസ്റ്റിന് മുമ്പിലേക്ക് മാറും. എറണാകുളത്തേക്കുള്ള ബസുകൾ ബൈപ്പാസ് ജംഗ്ഷനിൽ നിലവിൽ മത്സ്യവില്പന നടക്കുന്ന സ്ഥലത്ത് നിന്ന് യാത്രക്കാരെ കയറ്റണം. ഇവിടത്തെ മത്സ്യവില്പനമാറ്റും.
വൺവേ വരുന്നതോടെ വയർറോപ് ജംഗ്ഷനിലെ ആലുവ ബസ് സ്റ്റോപ്പ് വയർറോപ്പിന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറും.
എറണാകുളത്തുനിന്ന് വരുന്ന പുക്കാട്ടുപടി വരെയുള്ള ബസുകൾ പുക്കാട്ടുപടി ബൈപ്പാസ് ജംഗ്ഷനും പഴയ ജംഗ്ഷനും ഇടയ്ക്ക് നിർത്തി യാത്രക്കാരെ ഇറക്കി പൂക്കാട്ടുപടി ജംഗ്ഷനിൽനിന്ന് വലതുതിരിഞ്ഞ് വള്ളത്തോൾ ജംഗ്ഷനിൽ നിന്നും റൈറ്റ് യൂടേണെടുത്ത് ബൈപ്പാസ് റോഡിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ തിരിഞ്ഞ് യാത്രക്കാരെ കയറ്റണം. കൂടുതൽ സമയം ഉണ്ടെങ്കിൽ വള്ളത്തോൾ വായനശാലയ്ക്കും പെട്രോൾ പമ്പിനുമിടയ്ക്ക് പാർക്കുചെയ്യണം.