ആലുവ: ഹോസ്റ്റൽ പ്രവേശനത്തിന് രാത്രി 9 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ യു.സി കോളേജ് വിദ്യാർത്ഥികൾ കോളേജ് പ്രവേശന കവാടം ഇന്നലെ മണിക്കൂറുകളോളം ഉപരോധിച്ചു. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ഉപരോധം രാത്രി വൈകിയും തുടർന്നു. നൂറിലേറെ പെൺകുട്ടികൾ സമരത്തിൽ പങ്കെടുത്തു.
പെൺകുട്ടികൾ ഹോസ്റ്റലിൽ വൈകിട്ട് ആറിന് മുമ്പ് പ്രവേശിക്കണമെന്നും ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും പുറത്തുപോകാൻ പാടില്ലെന്നുമുള്ള നിബന്ധനകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
പ്രിൻസിപ്പലുമായി ആലുവ പൊലീസ് ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
സർവകലാശാല നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ മാത്രമാണ് യു.സി കോളേജിൽ നിലവിലുള്ളതെന്ന് മാനേജർ തോമസ് ജോൺ പറഞ്ഞു.