df

കൊച്ചി: ബ്രഹ്മപുരത്ത് എട്ടുവർഷമായി മാലിന്യസംസ്കരണം നടത്തിവന്ന കമ്പനിയെ ഒഴിവാക്കി പകരം ടെക്നോസ്റ്റാർ എന്ന കമ്പനിയെ ചുമതല ഏല്പിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടാൻ കൗൺസിൽ തീരുമാനിച്ചു. ഇതുസംബന്ധിച്ച ചർച്ചയ്ക്കിടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ആശയക്കുഴപ്പം മറനീക്കി പുറത്തുവന്നു. റീടെൻഡർ നടത്തണമെന്ന് ആദ്യം വാദിച്ച സി.പി.ഐയും ബി.ജെ.പിയും പ്ളാന്റിന്റെ നിലവിലെ നടത്തിപ്പുകാരനെ മാറ്റണമെന്ന കാര്യത്തിൽ സഭ ഒറ്റക്കെട്ടാണെന്ന് കണ്ടതോടെ എതിർപ്പ് മയപ്പെടുത്തി.

റീടെൻഡറിൽ ടെക്‌നിക്കൽ ബിഡിൽ യോഗ്യത നേടിയ സ്റ്റാർ കൺസ്ട്രക്ഷന്റെ സാങ്കേതിക യോഗ്യത സംബന്ധിച്ച് പത്ത് ദിവസത്തിനകം സീനിയർ ഹൈക്കോടതി അഭിഭാഷകന്റെ നിയമോപദേശം തേടും. പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ കമ്പനി സമർപ്പിച്ച സാമ്പത്തിക ബിഡ് തുറക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
2014 ഫെബ്രുവരി 15ന് കരാർ കാലാവധി കഴിഞ്ഞ അതേകമ്പനി തന്നെയാണ് ഇപ്പോഴും ബ്രഹ്മപുരത്ത് ജൈവ മാലിന്യ പ്ലാന്റ് നടത്തുന്നത്. പിന്നീട് പലവട്ടം ടെൻഡർ ചെയ്‌തെങ്കിലും മറ്റൊരു കമ്പനിയും യോഗ്യത നേടിയിരുന്നില്ല. 2019 നവംബർ എട്ടിലെ റീടെൻഡറിലാണ് സ്റ്റാർ കൺസ്ട്രക്ഷൻ അംഗീകാരം നേടിയത്. .

 ടെൻഡർ നിബന്ധന ഇല്ലെന്ന്

മൂന്നുവർഷം പ്രവർത്തന പരിചയവും 200 ടൺ മാലിന്യ സംസ്‌കരണ ശേഷിയും ഉണ്ടാകണമെന്ന ടെൻഡർ നിബന്ധന സ്റ്റാർ കമ്പനിക്ക് ഇല്ലെന്ന് സി.പി.ഐ അംഗം സി.എസ്. ഷക്കീർ ചൂണ്ടിക്കാട്ടി. കമ്പനി സമർപ്പിച്ച ഒറ്റപ്പാലം, മലപ്പുറം നഗരസഭകളിൽ മാലിന്യ സംസ്‌കരണം നടത്തിയത് സംബന്ധിച്ച പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൽ പ്രശ്‌നമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അംഗമായ നികുതി കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ പ്രശാന്തും കമ്പനിയുടെ ഘടനയിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ കമ്പനി ടെക്‌നോ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ജോയിന്റ് വെഞ്ച്വർ സമ്മതപത്രം വച്ചിട്ടുണ്ടെന്നും ടെൻഡർ സമർപ്പിക്കുന്നതിൽ അപാകതയില്ലെന്നും സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. കോൺഗ്രസ്, സി.പി.എം അംഗങ്ങളും പുതിയ കമ്പനിയുടെ ബിഡ് തുറക്കുന്നതിനെ അനുകൂലിച്ചു.