തസികുൽ ഷെയ്ഖ് (33) അപകടമുണ്ടായ വീട്

മൂവാറ്റുപുഴ: വാളകത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ മുർഷിദാബാദ് ബൃന്ദാബൻപൂർ സ്വദേശി തസികുൽ ഷെയ്ഖ് (33) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം നാലരയോടെ വാളകം കുന്നയ്ക്കാൽ സി.ടി.സി കവലയ്‌ക്ക് സമീപം വട്ടംതിട്ടയിൽ ജേക്കബ് പൗലോസിന്റെ വീടിന്റെ രണ്ടാംനിലയിലെ ഷോവാൾ തേപ്പ് ജോലി നടക്കവേ തകർന്നു വീഴുകയായിരുന്നു. തസികുൽ ഷെയ്ഖിന് പുറമേ ഒപ്പം പണിയെടുത്തിരുന്ന മുർഷിദാബാദ് സ്വദേശി മൽഫിക്കുൾ ഇസ്ലാം അൻസാരിയും (ഷാഫി, 33) ഷോവാളിനൊപ്പം താഴേക്ക് വീണു.

തസികുൽ ഷെയ്ഖ് പൂർണമായും സ്ലാബിനടിയിൽപ്പെട്ടുപോയി. രക്ഷിക്കാനുള്ള നാട്ടുകാരുടെയും ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെയും ശ്രമം വിഫലമായി. തുടർന്ന് ഫയർഫോഴ്സും പൊലീസും എത്തി സ്ലാബ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൽഫിക്കുൾ ഇസ്ലാം അൻസാരി ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.