
കോലഞ്ചേരി: കാലാവസ്ഥാമാറ്റം ആരോഗ്യപ്രശ്നങ്ങളും പല മേഖലകളും വരൾച്ചയുടെ പിടിയിലമരുന്നതിനും കാരണമായി. കുടിവെള്ളക്ഷാമവും തുടങ്ങി. ഉയർന്നചൂടിനെ സൂക്ഷിക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദേശം.
മുൻകരുതൽ
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങൾക്ക് തണൽ ഉറപ്പുവരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. പകൽസമയം തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ മുൻകരുതലുകളെടുക്കണം.
വെള്ളം പ്രധാനം
വേനൽക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ദാഹമില്ലെങ്കിൽപ്പോലും ഓരോ മണിക്കൂറിലും രണ്ടുമുതൽ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കുക. തണലുകളിൽ നിൽക്കാൻ ശ്രമിക്കുക. വെയിലത്തിറങ്ങുമ്പോൾ തൊപ്പിയോ കുടയോ ഉപയോഗിച്ച് തലമറയ്ക്കുക.വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു വായുസഞ്ചാരം ഉറപ്പാക്കുക.
സൂര്യാഘാതം സൂക്ഷിക്കുക
വീട്ട് മുറ്റത്തേക്കിറങ്ങുകയാണെങ്കിൽ ചൂട് കനക്കുന്ന മണിക്കൂറുകളിൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കുക. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാദ്ധ്യതയൊരുക്കുന്നതും. ചുട്ടുപൊള്ളുന്നതായി അനുഭവപ്പെട്ടാൽ ജോലി നിർത്തി വിശ്രമിക്കുക. ശരീരം തണുത്ത വെള്ളംകൊണ്ട് തുടയ്ക്കുക. ചുവന്ന നിറമോ കുമിളകളോ പ്രത്യക്ഷപ്പെട്ടാൽ അവ പൊട്ടിക്കരുത്.
ആഹാരം ഒഴിവാക്കരുത്
നിശ്ചിത ഇടവേളകളിൽ ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണം ഒഴിവാക്കരുത്. ശരീര ഊഷ്മാവ് നിയന്ത്രിക്കാൻ ധാരാളം പഴവർഗങ്ങൾ കഴിക്കുക. കൃത്രിമ ശീതളപാനിയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുക.
വേനൽക്കാല രോഗങ്ങൾ
വേനൽക്കാലത്ത് ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളും ഉണ്ടാകാം. കണ്ണിന് അലർജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന ചെങ്കണ്ണ്, കൺകുരു, കണ്ണിനുണ്ടാകുന്ന വരൾച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ള വസ്ത്രങ്ങൾ ധരിക്കുക.